ഓണക്കിറ്റ് വിതരണം മുടക്കാൻ ശ്രമിച്ചത് പ്രതിഷേധാർഹം -മന്ത്രി വി.എൻ. വാസവൻ
text_fieldsപുതുപ്പള്ളി: പുതുപ്പള്ളിയിൽ ഓണക്കിറ്റ് മുടക്കാൻ ശ്രമിച്ചവരെ നിരാശരാക്കി ഇക്കാര്യത്തിലെ സർക്കാർ നയം ഫലം കണ്ടത് സന്തോഷകരമാണെന്ന് മന്ത്രി വി.എൻ. വാസവൻ. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയലാഭമുണ്ടാക്കാമെന്ന തെറ്റിദ്ധാരണയിൽ കിറ്റ് വിതരണം മുടക്കാൻ ശ്രമിച്ചത് പ്രതിഷേധാർഹമാണ്. വിതരണം മുടങ്ങിയതിനെ തുടർന്ന് യു.ഡി.എഫ് പുതുപ്പള്ളിയിലെ വീടുകളിൽകയറി കള്ളപ്രചാരണം നടത്തി. ഇക്കൂട്ടർ വോട്ടർമാരോട് മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമൃദ്ധമായ ഓണവിഭവങ്ങൾ തയാറാക്കാൻ പറ്റുന്ന കിറ്റ് മണ്ഡലത്തിലെയടക്കം എല്ലാ റേഷൻ കടകളിലും ദിവസങ്ങൾ മുമ്പേ എത്തി. ഇക്കാര്യം ഫോട്ടോസഹിതം പത്രങ്ങളിൽ വന്നു. കിറ്റ് നൽകുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകില്ലേയെന്ന ചോദ്യം ഉന്നയിച്ചത് ഉദ്യോഗസ്ഥയോഗത്തിൽ ഒബ്‌സർവറാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കിറ്റ് വിതരണം തടഞ്ഞ് അന്നംമുട്ടിക്കാൻ കോടതിയിൽ പോയ പ്രതിപക്ഷമാണ് ഇവിടെയുള്ളത്. പരാജയ ഭീതിയിൽ ഈ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് കുപ്രചാരണം നടത്തി- വി.എൻ. വാസവൻ പറഞ്ഞു. മന്ത്രി പി.പ്രസാദും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

