ടയർ പഞ്ചർ കടയുടമയെ വെടിവെച്ച് കൊല്ലാൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
text_fieldsതൃശൂർ: കൂർക്കഞ്ചേരിയിൽ ടയർ പഞ്ചർ ഒട്ടിക്കുന്ന സ്ഥാപനത്തിൽ കയറി ഉടമയെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻകുളങ്ങര സ്വദേശി വേലംപറമ്പിൽ ഷഫീഖ് (28), വലിയാലുക്കൽ മേനോത്ത്പറമ്പിൽ സാജുൽ (26), ചിയ്യാരം ആക്കാട് ഡിറ്റ് ബാബു (26) എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൂർക്കഞ്ചേരി കിണർ സ്റ്റോപ്പിൽ ടയർ പഞ്ചർ ഒട്ടിക്കുന്ന സ്ഥാപനം നടത്തുന്ന പാലക്കാട് സ്വേദശി മണികണ്ഠനെയാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കാലിൽ വെടിയേറ്റ മണികണ്ഠൻ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നാലുദിവസം മുമ്പ് വാഹനത്തിെൻറ ടയർ പഞ്ചറൊട്ടിച്ചത് കൃത്യസമയത്ത് നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഞായാറാഴ്ച രാത്രി കടയിലെത്തിയ സംഘം മണികണ്ഠനെ മർദിക്കുകയായിരുന്നു. തുടർന്ന് ഒന്നാം പ്രതി ഷഫീഖ് എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ കാലിലാണ് വെടിയേറ്റത്. നെഞ്ചിലോ തലയിലോ കയറുമായിരുന്നുവെന്നും മരണം സംഭവിച്ചേക്കാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സ്ഥാപനം കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലം വിട്ടത്.
ഈസ്റ്റ് സി.ഐ ലാൽകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടുകയായിരുന്നു.