പൂഞ്ഞാർ സംഭവം: വധശ്രമക്കേസ് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകി -മന്ത്രി വി.എൻ. വാസവൻ
text_fieldsകോട്ടയം: പൂഞ്ഞാർ പള്ളിയിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ വിദ്യാർഥികൾക്കെതിരായ വധശ്രമക്കേസ് ഒഴിവാക്കി പെറ്റിക്കേസ് മാത്രമായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതായി മന്ത്രി വി.എൻ. വാസവൻ. കോട്ടയം പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വധശ്രമക്കേസ് ചുമത്തിയത് പുനഃപരിശോധിക്കാൻ ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പരിശോധിക്കുകയും വധശ്രമക്കേസ് ചുമത്താവുന്ന കുറ്റം ഇല്ലെന്ന് പൊലീസ് മേധാവി അറിയിക്കുകയും ചെയ്തു. തുടർന്നാണ് കോടതിയിൽ പുതിയ റിപ്പോർട്ട് നൽകിയത്. പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചു. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സൗകര്യം ഏർപ്പെടുത്തി. ഇരുവിഭാഗവുമായി ചർച്ച നടത്തി ഭിന്നത പരിഹരിച്ച് മുന്നോട്ടുപോകാൻ ധാരണയായി. സർവകക്ഷി യോഗത്തിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് നൽകിയ ഉറപ്പ് സർക്കാർ പാലിച്ചതായും മന്ത്രി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റിലും ഇടതുമുന്നണി വിജയിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. കഴിഞ്ഞ തവണ വിജയിച്ച കോൺഗ്രസിന്‍റെ 18 എം.പിമാരും പരാജയമായിരുന്നു. കേരളത്തിന് അവരെക്കൊണ്ട് പ്രയോജനമുണ്ടായില്ല. ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. കാലുമാറി മറുകണ്ടം ചാടിയത് തോമസ് ചാഴികാടനല്ല. യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ആണ്. ചാഴികാടൻ അന്നും ഇന്നും മത്സരിക്കുന്നത് രണ്ടില ചിഹ്നത്തിലാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

