കലോത്സവത്തിനിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: അറസ്റ്റ് വൈകുന്നു
text_fieldsമലപ്പുറം: ഉപജില്ല കലോത്സവത്തിനിടെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ പോക്സോ കേസെടുത്തിട്ടും ആരോപണവിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പെൺകുട്ടിയുടെ മാതാവ്. കേസ് രജിസ്റ്റർ ചെയ്ത തേഞ്ഞിപ്പലം പൊലീസിനെതിരെ കുട്ടിയുടെ മാതാവ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. കഴിഞ്ഞ നവംബറിൽ സ്കൂളിൽ നടന്ന ഉപജില്ല കലോത്സവത്തിനിടെ കലോത്സവം കാണാനെത്തിയ ഒരു വ്യക്തി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.
സംഭവശേഷം കടുത്ത മാനസികസമ്മർദത്തിലായ പെൺകുട്ടി സ്കൂളിലെ അധ്യാപകനോട് വിവരം വെളിപ്പെടുത്തിയിരുന്നു. ഉടൻ നടപടി സ്വീകരിക്കുമെന്ന് പ്രധാനാധ്യാപകനടക്കമുള്ളവർ ഉറപ്പ് നൽകിയിരുന്നതായി പരാതിയിൽ പറയുന്നു. ഉപദ്രവിച്ചയാളുടെ ഫോട്ടോ കുട്ടി സ്കൂൾ അധ്യാപകൻ മുഖേന തന്നെ സ്ഥിരീകരിച്ചിരുന്നതായും ഇയാൾ കലോത്സവത്തിനെത്തിയിരുന്നതായി വളന്റിയർമാർ മൊഴി നൽകിയിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, സ്കൂളിന്‍റെ ഭാഗത്ത് നിന്ന് തുടർനടപടിയുണ്ടാകാത്ത സാഹചര്യത്തിൽ കുടുംബം ചൈൽഡ്ലൈനിനെ സമീപിച്ചു.
ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരപ്രകാരം തേഞ്ഞിപ്പലം പൊലീസ് നവംബർ 24ന് കേസെടുത്തു. എന്നാൽ, ആദ്യം അനുകൂലമായി ഇടപെട്ട അധ്യാപകൻ കുട്ടി മൊഴികൊടുത്ത ശേഷം പ്രതി കുറ്റക്കാരനല്ലെന്ന് പറഞ്ഞ് സമ്മർദം ചെലുത്തുന്നതായി മാതാവ് പറഞ്ഞു. ആരോപണവിധേയനായ വ്യക്തിയും കേസിൽ ഇടപെട്ട അധ്യാപകനും അടുത്ത സുഹൃത്തുക്കളും അയൽവാസികളുമാണെന്നും ഇതിനാൽ സംഭവം ഒതുക്കാൻ ശ്രമം നടത്തുന്നതായും കുടുംബം ആരോപിച്ചു.
ആരോപണവിധേയനായ വ്യക്തി നാട്ടിലുണ്ടായിട്ടും അറസ്റ്റ് ചെയ്യാനോ തുടർനടപടിയെടുക്കാനോ പൊലീസ് ശ്രമിക്കുന്നില്ലെന്നും നൽകിയ പരാതിയിലുണ്ട്. അതേസമയം, അന്വേഷണം നടക്കുന്നുണ്ടെന്നും പോക്സോ കേസായതിനാൽ കൃത്യമായ തെളിവുകൾ ശേഖരിക്കുകയാണെന്നും തേഞ്ഞിപ്പലം പൊലീസ് ഇൻസ്പെക്ടർ പ്രദീപ് പറഞ്ഞു. ആദ്യഘട്ട പരിശോധനയിൽ ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളിൽ ആരോപണവിധേയനായ വ്യക്തിയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും ഫോൺ ലൊക്കേഷനിലും അവ്യക്തതയുണ്ടെന്നുമാണ് ഇൻസ്പെക്ടർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

