യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsഅനന്തകൃഷ്ണൻ അജയ്കൃഷ്ണൻ
പറവൂർ: വടക്കേക്കര കൂട്ടുകാടിന് സമീപത്ത് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. ചേന്ദമംഗലം കൂട്ടുകാട് കാരക്കൽ അനന്തകൃഷ്ണൻ (25), അജയ് കൃഷ്ണൻ (28) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പിതൃ സഹോദര പുത്രനായ ഹരീഷിനെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്.
ഇക്കഴിഞ്ഞ സെപ്തംബറിൽ ഹരീഷിന്റെ വിവാഹ ദിവസം പ്രതികൾ കല്യാണ ഹാളിൽ ബഹളമുണ്ടാക്കിയപ്പോൾ പൊലീസിനെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിലെ വിരോധമാണ് വധശ്രമത്തിന് കാരണം. കൂട്ടുകാട് പള്ളിക്ക് സമീപം കല്യാണം നടക്കുന്ന ഒരു വീട്ടിൽ നിന്നും വിളിച്ചിറക്കി പ്രത്യേകമായി നിർമിച്ച ഇരുമ്പ് വള കൊണ്ട് മുഖത്തും തലയിലും ഇടിക്കുകയായിരുന്നു.
ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ വി.എം. റസാഖ് , എം.എസ്. അഭിലാഷ്, എ.എസ്.ഐ എം.കെ. സുധി സിവിൽ പോലീസ് ഓഫീസർ നവീൻ സി. ജോൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പറവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

