വനിത ഫോറസ്റ്റ് ഗാർഡിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; യുവാവ് അറസ്റ്റിൽ
text_fieldsകുമളി: തേനിയിൽ ഫോറസ്റ്ററി ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ വനിത ഫോറസ്റ്റ് ഗാർഡിനെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ 40കാരിയായ വനിത ഗാർഡിനെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവത്തിൽ ഓട്ടോ ഡ്രൈവർ പെരിയകുളം നോർത്ത് വടകരൈ നവനീത കൃഷ്ണനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച പുലർച്ച മൂന്നിന് തേനി ജില്ലയിലെ പെരിയകുളത്താണ് സംഭവം. വൈഗ ഡാം ഏരിയയിലെ ഫോറസ്ട്രി ട്രെയിനിങ് കോളജിൽ ഗാർഡുകളുടെ മൂന്നുദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വനിത ഗാർഡ്. ധർമപുരി ജില്ലയിലെ അരൂർ സ്വദേശിനിയായ ഇവർ യാത്ര ചെയ്ത ബസ് പെരിയകുളം സ്റ്റാൻഡിൽ കയറാതെ തേനി റോഡിലെ മുനന്തൽ ബസ് സ്റ്റോപ്പിലാണ് നിർത്തിയത്. ഇതോടെ ബസിൽനിന്ന് ഇറങ്ങിയ ഇവർ ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോറിക്ഷ കാത്തുനിൽക്കുന്നതിനിടെ ഇതേ ക്യാമ്പിൽ പങ്കെടുക്കാൻ സേലം ജില്ലയിൽനിന്നുള്ള സ്വാമിവേൽ എന്ന ഫോറസ്റ്റ് ഗാർഡും എത്തി. ഇരുവരും ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്.
പെരിയകുളം ബസ് സ്റ്റാൻഡിലേക്ക് പോകാൻ നിർദേശം നൽകിയെങ്കിലും ഓട്ടോ പെരിയകുളം സ്റ്റാൻഡിലേക്ക് പോകാതെ ഇരുവരെയും കൊണ്ട് ഊടുവഴിയിലേക്ക് കയറി താമരക്കുളം, ലക്ഷ്മിപുരം വഴി തേനി കോടതി പടിക്ക് സമീപം വരട്ടയാർ ഭാഗത്തേക്ക് പോയി. സംശയം തോന്നിയതോടെ സ്വാമിവേൽ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. ഓട്ടോ നിർത്തി സ്വാമിവേൽ ഇറങ്ങിയ നേരം വനിത ഗാർഡുമായി ഓട്ടോ കടന്നുകളഞ്ഞു.
ഓട്ടോയിൽനിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വനിത ഗാർഡിന് റോഡിൽ വീണ് പരിക്കേറ്റത്. അറസ്റ്റിലായ നവനീത കൃഷ്ണൻ നിരവധി പോക്സോ കേസിൽ പ്രതിയായി ഗുണ്ടാ ചട്ട പ്രകാരം ജയിലിൽ കഴിഞ്ഞ ആളുമാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

