അട്ടപ്പാടി ഇരട്ടക്കൊല: കാരണമായത് യുവതി ഗർഭിണിയാണെന്ന സംശയം, കൊന്നത് അതിക്രൂരമായി
text_fieldsഅഗളി: അട്ടപ്പാടിയിൽ യുവതിയെയും പെൺകുട്ടിയെയും അതിക്രൂരമായി കൊലപ്പെടുത്തിയത് യുവതി ഗർഭിണിയാണെന്ന പ്രതിയുടെ സംശയത്തെ തുടർന്നെന്ന് പൊലീസ്. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
സെപ്‌റ്റംബർ രണ്ടിനായിരുന്നു കൊലപാതകം. അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് ചാക്കുകളിലായാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അട്ടപ്പാടിയിലെ ചീരക്കടവിലെ നഴ്‌സറിയിൽ ജോലി ചെയ്തിരുന്ന 35 വയസ്സുകാരിയായ പ്രോണിത, നാലുവയസുകാരി മകൾ ജോഹിത എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ പശ്ചിമബംഗാൾ സ്വദേശി 37കാരനായ പ്രവോദ് ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വെള്ളിയാഴ്ച രാവിലെ അട്ടപ്പാടി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം പ്രതിയെ ഹാജരാക്കി. തുടർന്ന് കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പിനായി കൊണ്ടുപോയി. കൃത്യം നടത്തിയസ്ഥലം, ഉപയോഗിച്ച ആയുധം, മറ്റുവസ്തുക്കൾ എന്നിവ തെളിവെടുപ്പിൽ കണ്ടെടുത്തു. അഗളി ഡി.വൈ.എസ്.പി. ആർ. അശോകിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രോണിത ഗർഭിണിയാണെന്ന സംശയം പ്രവോദ് ദാസിനുണ്ടായിരുന്നു. ഇരുവരും ആശുപത്രിയിലെത്തി പരിശോധന നടത്തി. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടില്ല. തിരികെ എത്തിയതിനുശേഷം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ കുട്ടിയെ പ്രവോദ് ദാസ് മർദിച്ചതോടെ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് പ്രതി വാക്കത്തിയെടുത്ത് പ്രോണിതയുടെ തലയിൽ വെട്ടുകയായിരുന്നു. ശരീരഭാഗങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ചാക്കിൽകെട്ടി പുഴയിലേക്ക് കൊണ്ടിട്ടു. പിന്നീട് തെളിവ് നശിപ്പിക്കാനായി കുട്ടിയെ കൂടി പ്രതി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് മൂന്ന് ചാക്കുകളിലാക്കി പുഴയിൽ തള്ളി. വസ്ത്രങ്ങളും മറ്റ് വസ്തുക്കളും വനത്തിലേക്ക് എറിഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കഴുകി വൃത്തിയാക്കി ഷെഡ്ഡിൽ സൂക്ഷിച്ചു. പിറ്റേന്ന് രാവിലെ സൂപ്പർവൈസറെകണ്ട് പണം വാങ്ങി നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതി നാട്ടിലെത്തിയപ്പോഴേക്കും അന്വേഷണസംഘവും പശ്ചിമബംഗാളിലെത്തി വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു.
ഒരു മാസം മുമ്പാണ് ഇവർ അട്ടപ്പാടിയിൽ ജോലിക്കെത്തിയത്. രണ്ടുവർഷം മുമ്പ് പ്രവോദ് ദാസും പ്രോണിതയുടെ ഭർത്താവും അലിപൂർദ്വാറിലെ പ്ലൈവുഡ് കമ്പനിയിൽ ഒരുമിച്ച് ജോലിചെയ്തിരുന്നു. ഈ സമയത്തെ പരിചയം പ്രണയമായി. ഇതിനിടെ അട്ടപ്പാടിയിലേക്ക് ജോലിക്കായി പ്രവോദ് ദാസ് എത്തുകയും ചെയ്തു. പ്രവോദ് ദാസിന് അലിപൂർദ്വാറിൽ ഭാര്യയും നാലുമക്കളുമടങ്ങുന്ന കുടുംബമുണ്ട്. പ്രോണിതയുടെ ഭർത്താവ് മംഗലാപുരത്തേക്ക് ജോലിക്കായി പോയ സമയത്ത് പ്രോണിത മകളെയും കൂട്ടി പ്രവോദ് ദാസിനൊപ്പം അട്ടപ്പാടിയിലേക്ക് തിരിച്ചത്. ഭർത്താവിനോട് ആന്ധ്രാപ്രദേശിൽ ജോലിക്കാണെന്നാണ് പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

