അട്ടപ്പാടിയിൽ പാറയിടുക്കിൽനിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ചരിഞ്ഞു
text_fieldsപാലക്കാട്: അമ്മയെ പിരിഞ്ഞ് അട്ടപ്പാടിയിലെ പാറയിടുക്കിൽനിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ 12 ദിവസം പ്രായമുള്ള കാട്ടാനക്കുട്ടി ചരിഞ്ഞു. ധോണി ആനത്താവളത്തിലെ (എലിഫെന്റ് സാറ്റലൈറ്റ് ക്യാമ്പ്) പ്രത്യേക പരിചരണത്തിലിരിക്കെ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ചരിഞ്ഞത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകീട്ടോടെ ജഡം സംസ്കരിച്ചു.
അട്ടപ്പാടി മേലേ അബ്ബന്നൂരിലെ പാറയിടുക്കിൽ കുടുങ്ങിയ നിലയിലായിരുന്നു ആനക്കുട്ടിയെ കണ്ടെത്തിയത്. പുതൂർ ദ്രുതപ്രതികരണ സേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയ കുട്ടിയാനയെ അമ്മയാനയോടൊപ്പം വിടാൻ വനംവകുപ്പ് അഞ്ച് ദിവസത്തോളം വനത്തിനുള്ളിൽ താൽകാലിക കൂട് ഒരുക്കി കാത്തിന്നു. എന്നാൽ, അമ്മയാന തിരിച്ചെത്തിയില്ല. ഇതോടെയാണ് കഴിഞ്ഞ 18ന് കുട്ടിയാനയെ കൂടുതൽ പരിചരണത്തിനായി ധോണി ക്യാമ്പിലേക്ക് മാറ്റിയത്.
പാപ്പാൻ ബൊമ്മനും ഭാര്യ സിന്ധുവുമായിരുന്നു ധോണിയിൽ കുട്ടിയാനയുടെ കാവലാളുകൾ. ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ലാക്ടോജനും കരിക്കിൻ വെള്ളവും നൽകി ആരോഗ്യനില നിലനിർത്താൻ ശ്രമിച്ചെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങൾ വില്ലനായി. ശനിയാഴ്ച മുതൽ വയറിളക്കം ബാധിച്ചതും കനത്ത ചൂടും ആരോഗ്യനില വഷളാക്കിയതായി എസ്.എഫ്.ഒ ശശിഭൂഷൺ അറിയിച്ചു.
സാങ്കേതിക സമിതിയുടെ മേൽനോട്ടത്തിൽ വന്യജീവി ആരോഗ്യ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം നടത്തി. പാലക്കാട് ഡി.എഫ്.ഒ രവികുമാർ മീണ, എം.കെ സമീർ, റെയ്ഞ്ചർ കെ.ആർ കൃഷ്ണദാസ്, വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം തുടങ്ങി പ്രമുഖ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടിക്രമങ്ങളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

