ആറു വർഷത്തിനിടെ ചെലവിട്ടത് എട്ടര കോടി; പ്രയോജനമില്ലാതെ അട്ടപ്പാടിയിലെ മില്ലറ്റ് പദ്ധതി
text_fieldsപാലക്കാട്: അട്ടപ്പാടിയിലെ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ മില്ലറ്റ് പദ്ധതിക്ക് കോടികൾ സർക്കാർ ചെലവിടുന്നുണ്ടെങ്കിലും പ്രയോജനം കുഞ്ഞുങ്ങളിലെത്തുന്നില്ലെന്ന് ആക്ഷേപം. അട്ടപ്പാടി താലൂക്കിൽ പദ്ധതിക്കായി കൃഷിവകുപ്പ് ആറു വർഷത്തിനിടെ എട്ടര കോടിയിലേറെ രൂപ ചെലവിട്ടതായി പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ കാര്യാലയത്തിൽനിന്നുള്ള വിവരാവകാശ മറുപടിയിൽ പറയുന്നു. 2025ൽ 1570 ഏക്കറിൽ മില്ലറ്റ് കൃഷി ചെയ്തെന്നാണ് വിവരാവകാശ മറുപടി.
താലൂക്കിൽ മില്ലറ്റ് പദ്ധതി തുടങ്ങിയ 2020-21ൽ 1.94 കോടി രൂപ ചെലവിട്ടു. തുടർവർഷങ്ങളിൽ 2.49 കോടി, 2.25 കോടി, 55.44 ലക്ഷം, 54,000, ഒടുവിൽ 2025-26 ൽ 1.7 കോടി രൂപ എന്നിങ്ങനെയും ചെലവിട്ടതായി കണക്കുകൾ പറയുന്നു. 2024-25ൽ ഇതടക്കമുള്ള കാർഷിക പദ്ധതികൾ നടപ്പാക്കിയത് സംബന്ധിച്ച് വിലയിരുത്തൽ യോഗങ്ങൾ നടത്തിയിട്ടില്ല. 2024-25ൽ 1569 ഏക്കർ മില്ലറ്റ് കൃഷി നടത്തി. 1290 മെട്രിക് ടൺ വിളവ് ലഭിച്ചതായും വിവരാവകാശരേഖ വെളിപ്പെടുത്തുന്നു. അതേസമയം, മില്ലറ്റ് സംസ്കരിച്ച് വിറ്റതിൽ 2021-25ൽ 1.26 കോടി രൂപ ലഭിച്ചു.
2013 മുതൽ അട്ടപ്പാടിയിലെ 197 കുട്ടികളാണ് പോഷകാഹാരക്കുറവിനാൽ മരിച്ചത്. തുടർന്നാണ് വിവിധ വകുപ്പുകളുടെ ഫണ്ടിൽ മില്ലറ്റ് കൃഷി തുടങ്ങിയത്. അതേസമയം, അട്ടപ്പാടിയിൽ 20 ഏക്കർപോലും മില്ലറ്റ് കൃഷി ചെയ്യുന്നില്ലെന്നാണ് അന്വേഷണത്തിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് ആദിവാസി മഹാസഭ സംസ്ഥാന കൺവീനർ ടി.ആർ. ചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കലക്ടർക്ക് പരാതി നൽകും.
1290 മെട്രിക് ടൺ മില്ലറ്റ് ഉൽപന്നങ്ങൾ വിളയിച്ചെന്നത് തട്ടിപ്പാണ്. തമിഴ്നാട്ടിൽ നിന്ന് മില്ലറ്റ് ഉൽപന്നങ്ങൾ വാങ്ങി ഇവിടെ പാക്ക് ചെയ്ത് നൽകുകയാണ് ചെയ്യുന്നത്. അട്ടപ്പാടിയിൽ ഉൽപാദിപ്പിക്കുന്ന മില്ലറ്റ് സംസ്കരിച്ച് പുറത്തേക്ക് പാക്ക് ചെയ്ത് വിൽക്കുകയാണെന്ന് അധികൃതർ സമ്മതിക്കുന്നുണ്ട്. അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾക്ക് ലഭ്യമാകുന്നില്ലെന്നും പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നും ചന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

