മധു വധക്കേസിൽ വിധി ചൊവ്വാഴ്ച
text_fieldsമണ്ണാർക്കാട് (പാലക്കാട്): ആൾക്കൂട്ട ആക്രമണത്തിൽ പാലക്കാട് അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ വിധി ഏപ്രിൽ നാലിലേക്ക് മാറ്റി. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിനുശേഷമാണ് അടുത്ത ചൊവ്വാഴ്ച വിധി പറയുന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് മധുവധക്കേസ്. 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ ആൾകൂട്ടം പിടികൂടുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. ആൾക്കൂട്ട മർദനത്തിലാണ്കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി പൊലീസ് അന്നുതന്നെ കേസെടുത്തു. 16 പേർക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് വിചാരണ ആരംഭിക്കാതിരുന്നതോടെ ജാമ്യം ലഭിച്ചു.
സംഭവം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. 2019 ൽ വി.ടി. രഘുനാഥിനെ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല. വിചാരണ നീളുകയും കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. തുടർന്ന് ഹൈകോടതി അഭിഭാഷകൻ സി. രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം. മേനോനെ അഡീഷനൽ പ്രോസിക്യൂട്ടറായും സർക്കാർ നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് രാജേന്ദ്രൻ രാജിവെച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് നിലവിൽ സ്പെഷൽ പ്രോസിക്യൂട്ടർ.
2022 ഏപ്രിൽ 22ന് വിചാരണ തുടങ്ങി. 122 സാക്ഷികളാണുണ്ടായിരുന്നത്. അവസാനിക്കുമ്പോൾ 129 സാക്ഷികളായി. ഇതിൽ 103 പേരെ വിസ്തരിച്ചു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കണ്ടെത്തി ഒഴിവാക്കി. രണ്ടുപേർ മരിച്ചു. 24 പേർ കൂറുമാറി.
പ്രതികൾക്ക് ഹൈകോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അപൂർവത കേസിൽ ഉണ്ടായി. സാക്ഷികളുടെ കൂറുമാറ്റവും മധു വധക്കേസിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ ഒരാൾ മരിച്ചാൽ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വിചാരണ വേളയിൽ എങ്ങനെ പ്രസക്തമാകുമെന്നതിനും മധുകേസ് സാക്ഷിയായി.
വിചാരണ കോടതി ജാമ്യം റദ്ദാക്കിയ ഒരാൾക്ക് മാത്രമാണ് ഹൈകോടതി ജാമ്യം നൽകിയത്. പ്രതിഭാഗത്തിന്റെ അഭിഭാഷകൻ തന്നെ ഭീഷണിപെടുത്തിയതായി ജഡ്ജി തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിൽ രേഖപെടുത്തി. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമായി കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷിയായ സുനിൽകുമാറിനെ കോടതി കാഴ്ച പരിശോധനക്ക് അയച്ച സംഭവവും ഉണ്ടായി.
ഈ മാസം നാലിനാണ് അന്തിമവാദം പൂർത്തിയായത്. മെഡിക്കൽ തെളിവുകൾക്കെപ്പം ഡിജിറ്റൽ തെളിവുകളും വിചാരണക്കിടെ വിശദമായി കോടതി പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

