ഉദ്യോഗസ്ഥ അനാസ്ഥ: അട്ടപ്പാടിയിൽ 10 കോടി പാഴായി
text_fieldsഅഗളി: അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിെൻറ ക്ഷേമപ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിച്ച പത്തു കോടി രൂപ ഉദ്യോഗസ്ഥ അനാസ്ഥയെ തുടർന്ന് പാഴായി. ഐ.ടി.ഡി.പി വഴി നടപ്പാക്കേണ്ട അഡീഷനൽ ട്രൈബൽ സബ് പ്ലാൻ (എ.ടി.എസ്.പി) പദ്ധതിയിലെ 9.90 കോടി രൂപയാണ് യഥാസമയം വിനിയോഗിക്കാത്തതിനാൽ 2016--17 സാമ്പത്തികവർഷം പാഴായത്.
പ്രൈമറി ഹോസ്റ്റലുകളുടെ അറ്റകുറ്റപണികളും വീടുകളിലെ വൈദ്യുതീകരണം, അംഗൻവാടികളിലെയും സ്കൂളുകളിലെയും പോഷകാഹാര വിതരണം തുടങ്ങി ഊരുകളിൽ കുടിവെള്ളമെത്തിക്കുന്നതടക്കമുള്ള 126 പദ്ധതികളാണ് 2017 മാർച്ച് 31ന് മുമ്പ് ബിൽ സമർപ്പിക്കാത്തത് മൂലം പാഴായത്. പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തിന് 2,517 വീടുകളുടെ നിർമാണമാണ് നടക്കുന്നത്. ഫണ്ട് നഷ്ടമാകുമെന്നതിനാൽ ഇത് പൂർത്തീകരിക്കാൻ കഴിയില്ല. പുതിയ വീട് നിർമാണം തുടങ്ങിയതിനാൽ പലരും വീട് പൊളിച്ച് കുടിലുകളിലാണ് താമസിക്കുന്നത്. മഴക്കാലം വന്നാൽ ഇവരുടെ ജീവിതം ദുരിതമാകും. പകർച്ചവ്യാധികൾ പടർന്നുപിടിക്കാനും സാധ്യതയേറെയാണ്.
പദ്ധതികൾക്ക് തുക അനുവദിക്കണമെങ്കിൽ ഭരണാനുമതി അടക്കമുള്ള കടമ്പകൾ കടക്കണം. ശിശു മരണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര പാക്കേജുകൾക്ക് പുറമേ കോടിക്കണക്കിന് രൂപയുടെ ക്ഷേമപദ്ധതികൾ അട്ടപ്പാടിയിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടങ്കിലും പദ്ധതി നടത്തിപ്പിലെ പോരായ്മകളാണ് കോടികൾ പാഴായതിലൂടെ വെളിവായത്. പ്രതിസന്ധി താമസിയാതെ പരിഹരിക്കപ്പെടുമെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
