അട്ടപ്പാടി മധു വധം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്ന് സർക്കാർ
text_fieldsകൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെങ്കിലും അന്വേഷണ ചുമതലയിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ടി.കെ. സുബ്രഹ്മണ്യനെ സ്ഥലം മാറ്റിയത് ചോദ്യം ചെയ്ത് അട്ടപ്പാടി ആദിവാസി ആക്ഷൻ സമിതി േനതാവ് പി.വി. സുരേഷ് നൽകിയ ഹരജിയിലാണ് സർക്കാർ വിശദീകരണം. സർക്കാർ രേഖാമൂലം വിശദീകരണം നൽകിയതിനെ തുടർന്ന് കോടതി കേസ് തീർപ്പാക്കി.
മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ മർദിച്ചുകൊന്ന സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിലെത്തി നിൽക്കേയാണ് ഉദ്യോഗസ്ഥനെ തൃശൂർ സ്‌പെഷൽ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. ഇൗ നടപടി കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമാണെന്നായിരുന്നു ഹരജിയിലെ ആരോപണം. രാഷ്ട്രീയ ഇടപെടലുകളാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നും ആേരാപിച്ചിരുന്നു.
മധു െകാലക്കേസിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് പൊലീസ് ഉദ്യോഗസ്ഥരുടെ പൊതുസ്ഥലംമാറ്റത്തിെൻറ ഭാഗമായാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
അന്വേഷണം അട്ടിമറിക്കാൻ ഉദ്ദേശ്യമില്ല. സ്ഥലം മാറ്റിയെങ്കിലും അന്വേഷണത്തിെൻറ ചുമതല സുബ്രഹ്മണ്യന് തന്നെ നൽകി സർക്കാർ ഉത്തരവുണ്ട്. അദ്ദേഹം തന്നെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കും. ഇത് ഡി.ജി.പിയും ഉത്തരവായി നൽകിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ഹരജിയിലെ ആരോപണം നിലനിൽക്കുന്നതല്ലെന്ന് സർക്കാർ വ്യക്തമാക്കി.
സ്ഥലം മാറ്റം അന്വേഷണത്തെ ബാധിക്കാത്ത സാഹചര്യത്തിൽ ഹരജിയിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തീർപ്പാക്കുകയായിരുന്നു. സുബ്രഹ്മണ്യനെ മാറ്റിയശേഷം എ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു പകരം ചുമതല നൽകിയിരുന്നത്. എട്ടു പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
