അട്ടപ്പാടി ഭൂമി കൈയേറ്റം: സദാനന്ദ രങ്കരാജിനെതിരെ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പരാതി നൽകി
text_fieldsവെള്ളകുളം ആദിവാസി ഊരും അമ്പലവും
കോഴിക്കോട്: അട്ടപ്പാടിയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ സദാനന്ദ രങ്കരാജ് അപമാനിച്ചതിനെതിരെ അട്ടപ്പാടി ബ്ലോക്ക് പഞ്ചയത്ത് മുൻ അംഗം ഡി.ജി.പിക്കും കലക്ടർക്കും പരാതി നൽകി. വെള്ളകുളത്ത് താമസിക്കുന്ന ബ്ലോക്ക് പഞ്ചയത്ത് മുൻ അംഗം കാളിയമ്മയും ഭർത്താവ് മുരുകേശുമാണ് പരാതി നൽകിയത്. കാളിയമ്മ നിലവിൽ ഐ.ടി.ഡി.പി.യിൽ ട്രൈബൽ പ്രമോട്ടറാണ്. സദാനന്ദ രങ്കരാജ് പൊലീസ് കാവലിലാണ് ആദിവാസികൾ പാരമ്പര്യമായി ആരാധിക്കുന്ന ക്ഷേത്രം ഉൾപ്പെടെയുള്ള വെള്ളകുളത്തെ ഭൂമി കൈയേറാനെത്തിയതെന്ന് മുരുകേശ് മാധ്യമം ഓൺലൈനിനോട് പറഞ്ഞു.
വെള്ളകുളത്തെ വിവാദമായി ഭൂമി കൈയേറ്റിൽ കോയമ്പത്തൂർ സ്വാദേശിയായ സദാനന്ദ രങ്കരാജ് വാർത്താസമ്മേളനത്തിൽ ആദിവാസികളായ കാളിയമ്മയും മുരുകേശനെയും പണം വെട്ടിപ്പ് നടത്തുന്നവരാണെന്ന് പറഞ്ഞത് അപമാനിച്ചുവെന്നാണ് കാളിയമ്മയുടെ പരാതി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും, അംബേദ്‌കർ സെറ്റിൽമെൻറ് ഡവലപ്മെന്റ് പദ്ധതിയിൽ ഐ.ടി.ഡി.പി.യും വെള്ളകുളം പ്രദേശത്ത് വനാവകാശ നിയമം അനുസരിച്ച് ഊര് നിവാസികൾക്ക് വിട്ടുനൽകിയ സ്ഥലത്ത് ഗ്രൗണ്ടും മറ്റു വികസന പദ്ധതികളും സർക്കാർ ആണ് നടപ്പിലാക്കിയത്. പദ്ധതി നടപ്പാക്കുമ്പോൾ കാളിയമ്മ സി.പി.എമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.
ഇപ്പോൾ സദാനന്ദ രങ്കരാജ് ഈ പ്രദേശത്തെ പ്രവർത്തനങ്ങളെല്ലാം തടഞ്ഞു. അതിനെതിരെ പ്രദേശ വാസികളായ ആദിവാസികൾ പരാതി നൽകിയിട്ടുണ്ട്. ആദിവാസി ഭൂമി സദാനന്ദ രങ്കരാജ് കൈയേറിയതുമായി ബന്ധപ്പെട്ട് കോടതികളിൽ കേസുകൾ നിലവിലുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വെങ്കിട്ടരാമ കൗണ്ടറുടെ ഭാര്യ മുത്തമ്മാളിന്റെ പവർ ഓഫ് അറ്റോർണി ഏജന്റാണെന്ന് പറയുന്ന സദാനന്ദ രങ്കരാജ് കോയമ്പത്തൂർ മേട്ടുപാളയം സ്വദേശിയാണ്. അദ്ദേഹത്തിന്റെ വിലാസം തമിഴ്നാട്ടിലാണ്.
മൂത്തമ്മാളിന്റെ ഭർത്താവ് വെങ്കിട്ടരാമ കൗണ്ടറുടെ പേരിൽ സർവേ 1820-ലും മറ്റുമായി 70-ലധികം ഏക്കർ ഭൂമിയുണ്ടെന്നും പരാതിയിൽ പറയുന്നു. ഭൂപരിഷ്കരണ നിയമപ്രകാരം ഇവരിൽനിന്ന് അട്ടപ്പാടി താലൂക്ക് ലാൻഡ് ബോർഡ് മിച്ചഭൂമി എടുത്തിട്ടില്ല. വിവിധ ആധാരങ്ങളിലായി മുത്തമ്മാളും കുടുംബവും നിരവധി ഏക്കർ ഭൂമി വിൽപന നടത്തിയെന്നും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങൾ റവന്യൂ വകുപ്പ് അന്വേഷിക്കണം.
ഷോളയൂർ വില്ലേജിൽ നിന്ന് ഈ വർഷം സദാനന്ദ രങ്കരാജിന്റെ പേരിൽ 18 ഏക്കറിലധികം ഭൂമിക്ക് നികുതി അടച്ചു നൽകിയെന്ന ആരോപണവും പരിശോധിക്കണം. ആദിവാസികളുടെ ക്ഷേത്രങ്ങൾ തകർത്താണ് സദാനന്ദ രങ്കരാജ് ഭൂമി കൈയേറിയത്. ആദിവാസികളായ ഇരുവരെയും വാർത്താസമ്മേളനം നടത്തി അപമാനിച്ചതിൽ എസ്.സി എസ്.ടി അതിക്രമങ്ങൾ തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ രങ്കരാജിനെതിരെ നടപടി സ്വീകരിക്കണമെന്ന് കാളിയമ്മയും മുരുകേശും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

