അട്ടക്കുളങ്ങര വനിത ജയിൽ മാറ്റിസ്ഥാപിക്കൽ:പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈകോടതി നിർദേശം
text_fieldsകൊച്ചി: അട്ടക്കുളങ്ങര വനിത ജയിൽ മാറ്റിസ്ഥാപിക്കാനുള്ള സർക്കാർ തീരുമാനവുമായി ബന്ധപ്പെട്ട് സ്വതന്ത്രപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയോട് ഹൈകോടതി നിർദേശിച്ചു. വനിത ജയിൽ മാറ്റാനിരിക്കുന്ന പൂജപ്പുര സെൻട്രൽ ജയിലിലെ പഴയ വനിത ബ്ലോക്കിൽ മതിയായ സൗകര്യങ്ങളില്ലെന്നുകാട്ടി സഖി വുമൺസ് റിസോഴ്‌സ് സെന്റർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിർദേശം. യഥാർഥ സ്ഥിതി എന്താണെന്ന് കോടതിക്ക് അറിയേണ്ടതുണ്ടെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
പുരുഷന്മാരുടെ ജയിലിന്റെ ഒരുഭാഗത്തേക്ക് ഇത് മാറ്റുന്നത് വനിത തടവുകാരുടെ അന്തസ്സും സ്വകാര്യതയും ലംഘിക്കുന്നതാണെന്നാണ് ഹരജിക്കാരുടെ വാദം. അട്ടക്കുളങ്ങരയിൽ വനിത തടവുകാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. ആശുപത്രി സേവനവും സമീപത്തുണ്ട്. വനിത ജയിൽ അട്ടക്കുളങ്ങരയിൽതന്നെ നിലനിർത്തണമെന്നാണ് ആവശ്യം. 1990ലാണ് ഇത് സ്ഥാപിച്ചത്. കഴിഞ്ഞ ഒക്ടോബർ 10നാണ് പൂജപ്പുരയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇവിടെ നിലവിൽ വിദേശികൾ ഉൾപ്പെടെ 101 തടവുകാരുണ്ട്.
താൽക്കാലിക സ്പെഷൽ സബ് ജയിലാക്കി മാറ്റാനാണ് വനിത ജയിൽ മാറ്റുന്നതെന്നാണ് സർക്കാർ വിശദീകരണം.
തീരുമാനം പുനഃപരിശോധിക്കാനാകില്ലെന്നും ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. വിഷയം ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

