Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിസ്മസ് ആഘോഷങ്ങളെ...

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു, പിന്നിൽ സംഘ് പരിവാർ ശക്തികൾ - മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറാണ് എല്ലാ ആക്രമണങ്ങൾക്കും പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിനാകെ വെളിച്ചം പടർത്തുന്ന സന്മനസുള്ളവർക്ക് സമാധാനം എന്ന ബൈബിൾ സന്ദേശത്തിന്റെ പ്രഭ കെടുത്തും വിധത്തിലുള്ള ആക്രമണത്തിന്‍റെ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലും പാലക്കാട്ടും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുണ്ടായിട്ടുണ്ട്. അക്രമത്തിനെതിരെ കടുത്ത പ്രതിഷേധമുയരുന്നുണ്ട്.

മത പരിവര്‍ത്തനം ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളും പലയിടങ്ങളിലും ആക്രമണം നടത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ അക്രമം നടക്കുകയാണ്. മധ്യപ്രദേശിലെ ജബൽ പൂരിൽ സംഘര്‍ഷമുണ്ടാക്കി. ഡൽഹിയിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു. ഒഡിഷയില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ വിൽക്കുന്നവർക്ക് നേരെ ഭീഷണിയുണ്ടായി. മധ്യപ്രദേശിൽ പ്രാര്‍ഥനാ സംഘത്തെ അക്രമിച്ചെന്നും പരാതി ഉയർന്നിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ ക്രിസ്മസ് ദിവസം സ്കൂൾ അവധി പോലും ഒഴിവാക്കി.

കേരളത്തിൽ പാലക്കാട്ടും കരോള്‍ സംഘത്തെ അക്രമിക്കാൻ ശ്രമിച്ചു. കേരളത്തിൽ ഇത്തരം ശക്തികള്‍ തല പൊക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം റദ്ദാക്കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊല ഹീനമാണെന്നും അതിന് പിന്നിലുള്ളവരെ പുറത്തു കൊണ്ട് വന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. അപര വിദ്വേഷത്തിന്റ ആശയത്തിൽ ആകൃഷ്ടരായവർ ആണ് പിന്നിൽ. യു.പി മോഡൽ അക്രമം പറിച്ചു നടാൻ ആണ് ശ്രമം നടന്നത്. ബംഗ്ലാദേശി കുടിയേറ്റക്കാരൻ എന്ന് ചാപ്പ കുത്തി. ഇത്തരം ചാപ്പ കുത്തൽ കേരളം അനുവദിക്കില്ല. കൊല്ലപ്പെട്ട രാംനാരായണന്‍റെ കുടുംബത്തിന് 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ആര്‍.എസ്.എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സ്. കേരളത്തിന്‍റെ പിന്തുണയോ ജനങ്ങളുടെ അനുഭാവമോ ആര്‍ജിക്കാന്‍ ഒരു ഘട്ടത്തിലും അവര്‍ക്ക് കഴിഞ്ഞില്ല. ഫെഡറല്‍ സംവിധാനത്തില്‍ ധനകാര്യ ബന്ധങ്ങള്‍ എങ്ങനെ ആകാന്‍ പാടില്ല എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഓരോ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന വിവേചനം കണക്കുകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. പതിനൊന്നാം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ 3.05 ശതമാനമായിരുന്ന കേരളത്തിന്‍റെ വിഹിതം 15ാം കമ്മീഷന്‍ ആയപ്പോഴേക്കും 1.92 ശതമാനമായി കുറഞ്ഞു. നാല് വര്‍ഷം മുന്‍പ് വരെ സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനത്തിന്‍റെ 45 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇന്ന് അത് 25 മുതല്‍ 30 ശതമാനത്തിലേക്ക് ഇടിഞ്ഞു. അതായത് ആകെ റവന്യൂ വരുമാനത്തിന്‍റെ 70 മുതല്‍ 75 ശതമാനം വരെ സംസ്ഥാനം തന്നെ കണ്ടെത്തേണ്ടി വരുന്നു. ചുരുക്കത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ നമുക്ക് ലഭിക്കേണ്ട സഹായങ്ങള്‍ നിഷേധിക്കാനുള്ള കാരണമായി കേന്ദ്രം മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ സന്ദര്‍ഭത്തില്‍ നമ്മുടെ നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും ഏതു പ്രതിസന്ധിയിലും സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasSangh ParivarPinarayi Vijayan
News Summary - Attacks on Christmas celebrations are disturbing, Sangh Parivar forces are behind it - Chief Minister
Next Story