ഈരാറ്റുപേട്ട: ചേന്നാട് കവല ഭാഗത്ത് ഞായറാഴ്ച യുവതിയുടെ വീട് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നുപേരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ഒരാളെയും അറസ്റ്റ് ചെയ്തു.
ആദ്യ സംഭവത്തിൽ യുവതിയുടെ ബന്ധുക്കളും ഈരാറ്റുപേട്ട വട്ടക്കയം സ്വദേശികളായ സിനാജ് (38), അമ്മൻ എന്നറിയപ്പെടുന്ന സഹിൽ(29), സിദാൻ (22) എന്നിവരാണ് പിടിയിലായത്. ഇതിൽ സഹൽ മയക്കുമരുന്നുകേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. പൊലീസിെൻറ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ ചേന്നാട് കവല സ്വദേശി മുഹമ്മദ് അലിയെയാണ്(47) അറസ്റ്റ് ചെയ്തത്.
കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവിനെ അപായപ്പെടുത്തുമെന്നു പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി തെക്കേകര സ്വദേശിനിയായ യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് പ്രശ്നത്തിൽ ഇടപെട്ടെങ്കിലും എതിർകക്ഷികൾ സഹകരിക്കാൻ കൂട്ടാക്കിയില്ല.
തുടർന്ന് വീട്ടിലേക്കുപോയ യുവതിയുടെ വീടിനു സമീപം പ്രതികൾ സംഘംചേർന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ചേർന്ന് തടഞ്ഞു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു.