എ.ഡി.ജി.പിയുടെ മകളുടെ മര്‍ദനം: എസ്.പിക്ക് അന്വേഷണചുമതല
text_fieldsതിരുവനന്തപുരം: മുൻ ബറ്റാലിയൻ എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പിക്ക് കൈമാറി. ചൊവ്വാഴ്ചയാണ് എസ്.പി പ്രശാന്തൻ കാണിക്ക് അന്വേഷണം കൈമാറി ക്രൈംബ്രാഞ്ച് മേധാവി െഷയ്ഖ് ദർവേശ് സാഹിബ് ഉത്തരവിട്ടത്. അന്വേഷണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ എസ്.പിക്ക് തെരഞ്ഞെടുക്കാമെന്ന് ഉത്തരവിലുണ്ട്. മർദനത്തിന് വിധേയനായ ഡ്രൈവർ ഗവാസ്കറുടെ കാഴ്ചക്ക് മങ്ങലേറ്റതായാണ് പുതിയ മെഡിക്കൽ റിപ്പോർട്ട്. കഴുത്തിലെ കശേരുക്കള്‍ക്ക് സാരമായ ക്ഷതമേറ്റതായും തലച്ചോറിലേക്കുള്ള രക്ത ഓട്ടത്തിന് തടസ്സമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. തുടർചികിത്സക്കായി ഗവാസ്കര്‍ ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
അതേസമയം, കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണം ശക്തമാണ്. സുദേഷ് കുമാറിെൻറ ഇടപെടലും ഉന്നത ഐ.പി.എസ് സമ്മർദവുമുണ്ടായതിനെതുടർന്നാണ് ഡ്രൈവർ ഗവാസ്കറിനെതിരെ പൊലീസിന് കേസെടുക്കേണ്ടിവന്നത്. സുദേഷ് കുമാർ ആവശ്യപ്പെട്ടപ്രകാരം വനിത സി.ഐ വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ് രാവിലെതന്നെ ഗവാസ്കർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പെൺകുട്ടി ചികിത്സ തേടിയത് വൈകീട്ടായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ഗവാസ്കറിനെതിരെ കേസെടുത്തു. ഇതിനുശേഷമാണ് സിറ്റി ക്രൈം െറക്കോഡ്സ് ബ്യൂറോ അസിസ്റ്റൻറ് കമീഷണര്‍ പ്രതാപന് നായര്‍ ഗവാസ്കറുടെ മൊഴിയെടുക്കുന്നത്. പൊലീസ് അസോസിയേഷൻ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടതോടെയാണ് പെൺകുട്ടിക്കെതിരെ കേസെടുക്കാൻ പൊലീസ് നിർബന്ധിതമായത്.
തൊട്ടുപിറകെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ലോക്നാഥ് െബഹ്റ ഉത്തരവിറക്കി. എന്നാല്‍, ഉത്തരവിറങ്ങിയതല്ലാതെ അന്വേഷണം ആരംഭിച്ചിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിൽ ഇന്നലെയാണ് അന്വേഷണസംഘത്തെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
