കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; ജനലും വാഹനങ്ങളും തകര്‍ത്തു
text_fieldsകണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. തളിപ്പറമ്പിലെ കെ. ഇര്‍ഷാദിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും തകര്‍ത്തിട്ടുണ്ട്. സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ഇർഷാദ് ആരോപിച്ചു.
രാത്രി 11 മണിയോടെ ശബ്ദം കേട്ടാണ് ഇർഷാദ് വീടിന് പുറത്തേക്ക് വന്നത്. ഒമ്പതോളം പേരടങ്ങുന്ന സംഘം കമ്പിപ്പാര അടക്കമുള്ള ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് മനസിലായില്ല. മലപ്പട്ടണത്തെ പരിപാടിക്ക് പോയതിന് പിന്നാലെയാണ് സംഭവം.
സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിൽ. മലപ്പട്ടത്ത് നടന്ന യൂത്ത് കോൺഗ്രസ് ജാഥയില്‍ പങ്കെടുത്തിരുന്നു. എന്നാൽ, മുദ്രാവാക്യം വിളിച്ചിട്ടില്ല. ജാഥയെ നിയന്ത്രിക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന മാതാപിതാക്കൾ തളര്‍ന്നിരിക്കുകയാണെന്നും ഇര്‍ഷാദ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കണ്ണൂർ അഡുവാപ്പുറത്ത് യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ മലപ്പട്ടത്ത് കഴിഞ്ഞ ദിവസം ജനാധിപത്യ അതിജീവന യാത്ര സംഘടിപ്പിച്ചിരുന്നു. ഈ കാൽനടയാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ഇന്നലെ സി.പി.എം രംഗത്തു വന്നിരുന്നു.
അഡുവാപ്പുറത്ത് നിന്നാരംഭിച്ച യൂത്ത് കോൺഗ്രസ് കാൽനടയാത്ര സി.പി.എം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുമ്പിലെത്തിയതോടെ സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ കുപ്പിയും കല്ലും എറിയുകയായിരുന്നു. സമ്മേളനം അവസാനിച്ച് രാഹുൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി.
ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. ഇതോടെ രാഹുല്‍ അടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ രാത്രിയിൽ നിർമാണത്തിലിരുന്ന ഗാന്ധി സ്തൂപം വീണ്ടും തകർക്കപ്പെടുകയും ചെയ്തു.
അതേസമയം, ധീരജിനെ കൊന്ന കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്ന പ്രകോപന മുദ്രാവാക്യം മുഴക്കിയാണ് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തിയതെന്നും ആ കത്തിയുമായി മലപ്പട്ടത്ത് വന്നാൽ നിങ്ങൾക്കൊരു പുഷ്പചക്രം ഞങ്ങൾ ഒരുക്കിവെക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. കോൺഗ്രസ് മലപ്പട്ടത്ത് ആക്രമണം നടത്തിയെന്നാരോപിച്ച് സി.പി.എം നടത്തിയ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഗേഷ്.
പാർട്ടി ഓഫിസ് ആക്രമിച്ച് ഇവിടെ നിന്ന് നിങ്ങൾക്ക് പോകാൻ കഴിഞ്ഞത് സി.പി.എമ്മിന്റെ ഔദാര്യം കൊണ്ടു മാത്രമാണ്. അഡുവാപ്പുറത്തെ സ്തൂപം തകർത്തതിൽ നിന്നാണ് മലപ്പട്ടത്തെ പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് മാധ്യമങ്ങൾ പറയുന്നത്.
അതിനു മുമ്പ് കോൺഗ്രസ് മാർച്ചിൽ അഡുവാപ്പുറത്തെ കോൺഗ്രസ് നേതാവ് കാണിച്ച അക്രമം മറന്നുപോകരുത്. മുഖ്യമന്ത്രിയുടെ ഫ്ലക്സ് തകർത്താൽ സ്വന്തം നാട്ടിൽ ജീവിക്കാൻ അൽപം ചിന്തിക്കേണ്ടി വരുമെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി.
അതിനിടെ, കണ്ണൂരിൽ നടത്തിയ പാർട്ടി പരിപാടിയിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം നടത്തിയ ഭീഷണി പ്രസംഗം വാർത്തയായിരുന്നു. വീട്ടിന്‍റെ മുമ്പിലോ അടുക്കളയിലോ ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടേണ്ടെന്ന് യൂത്ത് കോൺഗ്രസ് നേതാവ് സനീഷിനോടായി നേതാവ് പറഞ്ഞത്. നല്ലതുപോലെ ആലോചിച്ചോ, അഡുവാപ്പുറത്ത് ഗാന്ധി സ്തൂപം ഉണ്ടാക്കി പാർട്ടിയെ ശരിപ്പെടുത്തി കളയാമെന്നാണോ എന്നും സി.പി.എം നേതാവ് ചോദിച്ചു.
ഇതിനെതിരെ പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്ത് ഗാന്ധിസ്തൂപം ഉയർന്നിരിക്കുമെന്ന് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

