'ഓഹ് എനിക്കെന്തിന്റെ കേടാണ്? ഞാനാരോടാണ് പറയുന്നത്? മസില് കൊണ്ട് ലോകത്തെ സകല കാര്യങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്ന മണ്ടൻമാരോടോ': തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ആർ.എസ്.എസിനെതിരെ സന്ദീപ് വാര്യർ
text_fieldsപാലക്കാട്: ആർ.എസ്.എസ് വിമർശനം നടത്തിയതിന് നെയ്യാറ്റിൻകരയിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാര്‍ ഗാന്ധിയെ ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
തുഷാർ ഗാന്ധിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് ബൗദ്ധികമായി പ്രകടിപ്പിക്കുകയാണ് വേണ്ടതെന്നും ആർ.എസ്.എസ് നടപടി അങ്ങേയറ്റം പ്രതിഷേധർഹമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'ഓഹ് എനിക്കെന്തിൻ്റെ കേടാണ് ? ഞാനാരോടാണ് പറയുന്നത് ? മസില് കൊണ്ട് ലോകത്തെ സകല കാര്യങ്ങൾക്കും പരിഹാരമുണ്ടാകും എന്ന് വിശ്വസിക്കുന്ന മണ്ടൻമാരോടോ' എന്ന് അദ്ദേഹം പരിഹസിച്ചു.
തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, നിലമേൽ ഹരികുമാര്‍, ജി.ജെ. കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ഇവരെ ജ്യാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തിൽ പരാതിയില്ലെന്ന് പറഞ്ഞ് ആദ്യം കേസെടുക്കാൻ തയാറാകാതിരുന്ന പൊലീസ്, വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് നിലപാട് മാറ്റിയത്. നെയ്യാറ്റിന്‍കര ഗാന്ധിമിത്രമണ്ഡലത്തിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ബുധനാഴ്ച ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ തുഷാർ ഗാന്ധിയെ തടഞ്ഞത്.
ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് തുഷാർ ഗാന്ധി നെയ്യാറ്റിൻകരയിലെത്തിയത്. പ്രസംഗത്തിൽ ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ ബാധിച്ച കാന്‍സറാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന്റെ ആത്മാവിന് കാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘ്പരിവാറാണ് കാന്‍സര്‍ പടര്‍ത്തുന്നതെന്നും പറഞ്ഞതാണ് ആർ.എസ്.എസുകാരെ ചൊടിപ്പിച്ചത്. രാജ്യത്തിന്റെ ആത്മാവിനെ തന്നെ നശിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിന് ശേഷം മടങ്ങാൻ വാഹനത്തിനരികിലേക്കെത്തിയ തുഷാറിനെ ബി.ജെ.പി, ആർ.എസ്.എസ് പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കയറിനിന്ന് തടയുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇവർ വാഹനത്തിന് മുന്നില്‍ നിന്നും മാറാതെ നിന്നതോടെ തുഷാര്‍ ഗാന്ധി വാഹനത്തിന് പുറത്തിറങ്ങി തിരിച്ച് പ്രതിഷേധമറിയിച്ച് മുദ്രാവാക്യം വിളിച്ചശേഷം വീണ്ടും കാറിലേക്ക് കയറി. നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘാടകര്‍ ഇടപെട്ടാണ് തുഷാര്‍ ഗാന്ധിക്ക് വഴിയൊരുക്കിയത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്
'തുഷാർ ഗാന്ധിയെ തടഞ്ഞ ആർ.എസ്.എസ് പ്രതിഷേധം കണ്ടു. അങ്ങേയറ്റം പ്രതിഷേധാർഹം. തുഷാർ ഗാന്ധിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് ബൗദ്ധികമായി പ്രകടിപ്പിക്കുകയാണ് വേണ്ടത്.
ഓഹ് എനിക്കെന്തിൻ്റെ കേടാണ് ? ഞാനാരോടാണ് പറയുന്നത് ? മസില് കൊണ്ട് ലോകത്തെ സകല കാര്യങ്ങൾക്കും പരിഹാരമുണ്ടാകും എന്ന് വിശ്വസിക്കുന്ന മണ്ടൻമാരോടോ'

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.