ശബരിമല തീർഥാടകർക്കുനേരെ ആക്രമണം; വാഹനത്തിന്‍റെ ചില്ല് അടിച്ചുതകർത്തു
text_fieldsആലപ്പുഴ: മലപ്പുറത്തുനിന്നെത്തിയ ശബരിമല തീർഥാടക സംഘത്തിനും വാഹനത്തിനും നേരെ യുവാവിന്‍റെ ആക്രമണം. സംഭവത്തിൽ ആലപ്പുഴ തിരുവമ്പാടി കണ്ണിട്ടവെളി ഗുരുമന്ദിരം അർജുനെ (വിഷ്ണു-26) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തീർഥാടകസംഘത്തിലെ കുട്ടികളായ നിലമ്പൂർ ചുങ്കത്തറ സ്വദേശി വിഷ്ണുവിന്‍റെ മകൾ അലീന, ബന്ധു വൃന്ദാവന എന്നിവരുടെ കൈക്ക് പരിക്കേറ്റു.
ബുധനാഴ്ച രാത്രി 10ന് കളർകോട് ജങ്ഷനിലായിരുന്നു സംഭവം. ശബരിമലദർശനം കഴിഞ്ഞ് മടങ്ങിയ നിലമ്പൂർ സ്വദേശികളായ തീർഥാടകർ ചായ കുടിക്കുന്നതിന് കളർകോട് ജങ്ഷനിൽ വാഹനം നിർത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഇതേസമയം, യുവതിക്കൊപ്പമെത്തിയ യുവാവിന്‍റെ ബൈക്കും ഇവരുടെ വാഹനത്തിന് സമീപത്തായി പാർക്ക് ചെയ്തിരുന്നു.
ഒമ്പത് കുട്ടികൾ ഉൾപ്പെടെ 39 പേരടങ്ങുന്ന തീർഥാടകസംഘത്തിലെ കുട്ടികൾ യുവാവിന്‍റെ ബൈക്കിന് സമീപത്തുനിന്ന് ഫോട്ടോയെടുത്തു. ഇത് കണ്ട് ഇവരുടെ ചിത്രമാണ് പകർത്തുന്നതെന്ന് ആക്രോശിച്ച് കുട്ടികളെ തള്ളിയിട്ടു. തുടർന്ന് തീർഥാടകരും യുവാവും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായി.
സംഘർഷത്തിൽ യുവാവിനും മർദനമേറ്റിരുന്നു. സംഭവസ്ഥലത്തുനിന്ന് മടങ്ങിയ യുവാവ് കൈക്കോടാലിയുമായി തിരിച്ചെത്തി തീർഥാടകബസിന്‍റെ വാതിൽ ചില്ലുകൾ അടിച്ചുതകർത്തശേഷം മുങ്ങുകയായിരുന്നു. പിന്നീട് തീർഥാടകർ നൽകിയ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് യുവാവിനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

