പെപ്പർ സ്പ്രേ അടിച്ചു, കഴുത്തിൽ കുത്തി, വാഹനത്തിന്‍റെ താക്കോൽ ഊരിയെടുത്തു; പൊലീസിന് നേരെ ചിന്നക്കനാലിൽ നടന്നത് സിനിമ സ്റ്റൈൽ ആക്രമണം
text_fieldsഅടിമാലി: ഒളിവിൽ കഴിഞ്ഞ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ വളഞ്ഞിട്ട് ആക്രമിച്ചു. സിവിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു. ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ പ്രതികളിൽ നാലുപേരെ പിന്നീട് അറസ്റ്റ് ചെയ്തു. ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചിന്നക്കനാലിൽ തിങ്കളാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം.
കായംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ദീപക്കിനാണ് കുത്തേറ്റത്. ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികളെ തേടിയെത്തിയ കായംകുളം സ്റ്റേഷനിലെ അഞ്ചംഗ പൊലീസ് സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കോട്ടയം, ആലപ്പുഴ സ്വദേശികളായ മുനീര്‍, ഫിറോസ്ഖാന്‍, ഹാഷിം, ഷെമീർ എന്നിവരെ ശാന്തൻപാറ പൊലീസ് പിടികൂടി.
പ്രതികള്‍ ഒളിവില്‍ കഴിയുന്നതായി മനസ്സിലാക്കിയാണ് കായംകുളം പൊലീസ് മൂന്നാറില്‍ എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ച രണ്ടോടെ ചിന്നക്കനാല്‍ പവര്‍ ഹൗസിനുസമീപം പ്രതികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തു. ഇവരെ വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനം പൊലീസിനുനേരെ ഓടിച്ചുകയറ്റി. തുടർന്ന് പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ, ദീപക്കിനെ പ്രതികളിലൊരാൾ കുത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. കാലിൽ ഉൾെപ്പടെ നാല് മുറിവുണ്ട്.
പൊലീസ് വാഹനത്തിന്‍റെ താക്കോൽ ഊരിക്കളഞ്ഞശേഷം ഇവിടെനിന്ന് കടന്നുകളഞ്ഞു. ശാന്തൻപാറ പൊലീസ് എത്തിയാണ് പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ ദീപക് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. എസ്.ഐ ഉൾെപ്പടെ അഞ്ചംഗ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും നിസ്സാര പരിക്കേറ്റിട്ടുണ്ട്. മൂന്നാര്‍, ശാന്തൻപാറ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങൾ തിങ്കളാഴ്ച പുലര്‍ച്ച കൊളുക്കുമലയ്ക്ക് സമീപത്ത് കൂടി പോകുന്നതായി വിവരം പൊലീസിന് ലഭിച്ചു. ഈ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിനെത്തുടർന്നാണ് വാഹനം ഉപേക്ഷിച്ച് മലമുകളിലൂടെ നീങ്ങുകയായിരുന്ന സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തത്.
ബാക്കിയുള്ളവർക്കായി തമിഴ്നാട് അതിര്‍ത്തി ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. ഗുരുതര പരിക്കേറ്റ ദീപക്കിനെ മൂന്നാർ ടാറ്റ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

