കെ.എസ്.ആർ.ടി.സി ബസിലെ ആക്രമണം: പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
text_fieldsതിരൂരങ്ങാടി: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയും യുവാവ് സ്വയം കഴുത്തറക്കുകയും ചെയ്ത സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നാറിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസിൽ കക്കാടിന് സമീപം വെന്നിയൂരിലാണ് ഗൂഡലൂർ ചെമ്പക്കല്ലി സ്വദേശിനി സീതയെ (23) കത്തികൊണ്ട് കുത്തിയശേഷം സുൽത്താൻ ബത്തേരി സ്വദേശി സനിൽ (25) കഴുത്തറുത്തത്.
ഇരുവരും സഹയാത്രികരായിരുന്നു. സനിലിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. യുവതി അങ്കമാലിയിൽനിന്നും സനിൽ എടപ്പാളിൽ നിന്നുമാണ് ബസിൽ കയറിയത്. കോട്ടക്കൽ പിന്നിട്ടപ്പോൾ തന്നെ ഇവർ തമ്മിൽ തർക്കം ഉണ്ടാവുകയും ഇവരെ രണ്ടുപേരെയും പിറകിലത്തെ സീറ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
എന്നാൽ, വെന്നിയൂരിനടുത്തപ്പോൾ യാത്രക്കാർക്ക് ഉറങ്ങാൻ ലൈറ്റ് ഓഫ് ആക്കിയ ഉടൻ ൈകയിൽ കരുതിയ കത്തിയുമായി യുവാവ് യുവതിയെ കുത്തുകയായിരുന്നു. നിലവിളി കേട്ട സഹയാത്രക്കാരും ബസ് ജീവനക്കാരും പുറകിലെത്തി നോക്കിയപ്പോൾ യുവതി രക്തം വാർന്ന നിലയിലും യുവാവ് കഴുത്തറുത്ത നിലയിലുമായിരുന്നു.
ഇരുവരെയും ആ ബസിൽ തന്നെ തിരൂരങ്ങാടിയിലെ എം.കെ.എച്ച് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂശക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. സനിലിന് ഭാര്യയും കുട്ടിയുമുണ്ട്.
സീതയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചതാണ്. ഒരു കുട്ടിയുണ്ട്. പ്രണയത്തിന്റെ പേരിൽ ഇയാൾ സീതയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. യുവാവ് ഹോട്ടൽ തൊഴിലാളിയും യുവതി ഹോം നഴ്‌സുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

