ഐ.ഐ.ടി വിദ്യാർഥിനിക്ക് നേരെ ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും
text_fieldsപാലക്കാട്: കഞ്ചിക്കോട് ഐ.ഐ.ടിയിൽ വിദ്യാർഥിനിക്ക് നേരെയുണ്ടായ ആക്രമണം പ്രത്യേക സംഘം അന്വേഷിക്കും. സേലം സ്വദേശിനിയായ വിദ്യാർഥിനിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. കസബ പൊലീസ് ഇൻസ്പെക്ടർ എം. സുജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
സംഘം കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെത്തി വിദ്യാർഥിനിയുടെ വിശദ മൊഴി രേഖപ്പെടുത്തിയിരുന്നു. ആക്രമിച്ചയാളുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമണം ആസൂത്രിതമെന്നാണ് പൊലീസ് നിഗമനം. കാമ്പസിൽ സി.സി.ടി.വി ഇല്ലാത്ത സ്ഥലത്തേക്ക് വിദ്യാർഥിനി എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. അതിനാൽ കാമ്പസിനകത്ത് തന്നെയുള്ള ആളായിരിക്കാം ആക്രമിച്ചതെന്ന് പൊലീസ് കരുതുന്നു.
നെറ്റിയിലും കണ്ണിന് മുകളിലുമായി പരിക്കേറ്റ വിദ്യാർഥിനിയെ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾക്ക് വിധേയമാക്കി. കോയമ്പത്തൂരിലാണ് വിദ്യാർഥിനി ചികിത്സയിലുള്ളത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാമ്പസിൽ സുരക്ഷ വർധിപ്പിച്ചു.
കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതിന് പുറമെ സുരക്ഷ പട്രോളിങ്ങും ആരംഭിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നുപോകുന്നതിനിടെ ഒരാൾ യുവതിയുടെ തലക്ക് അടിക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് പിന്നിലായായിരുന്നു യുവതി നടന്നിരുന്നത്. അജ്ഞാതനായ ആളാണ് ആക്രമിച്ചതെന്നാണ് യുവതി നൽകിയ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

