ഇ.ഡി സംഘത്തിനുനേരെ ആക്രമണം; അന്വേഷണത്തിന് എസ്.ഐ.ടി
text_fieldsതിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തി മടങ്ങുകയായിരുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ സി.പി.എം പ്രവർത്തകർ ആക്രമിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ചു.
കന്‍റോൺമെന്‍റ് അസി. കമീഷണർ മേൽനോട്ടം വഹിക്കുന്ന അന്വേഷണത്തിന് മ്യൂസിയം എസ്.എച്ച്.ഒ ആർ. പ്രശാന്ത് നേതൃത്വം നൽകും. കന്‍റോൺമെന്‍റ് എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, പൂജപ്പുര എസ്.എച്ച്.ഒ ജി. വിഷ്ണു, പേരൂർക്കട എസ്.എച്ച്.ഒ വിനോദ് കൃഷ്ണ, വട്ടിയൂർക്കാവ് എസ്.എച്ച്.ഒ എ.സി. വിപിൻ, തമ്പാനൂർ എസ്.എച്ച്.ഒ ബി. വിനോദ്കുമാർ എന്നിവരും ഏഴ് എസ്.ഐമാരും അഞ്ച് ഗ്രേഡ് എസ്.ഐമാരും ഉൾപ്പെടെ 30 അംഗങ്ങൾ അടങ്ങിയതാണ് എസ്.ഐ.ടി. കുറ്റകൃത്യത്തിന്‍റെ വ്യാപ്തി, ഉൾപ്പെട്ടവരുടെ എണ്ണം എന്നിവ പരിഗണിച്ചാണ് വിപുല എസ്.ഐ.ടി രൂപവത്കരിച്ചതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ ഉത്തരവിൽ പറയുന്നു.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ ആക്രമണമെന്ന് നിരീക്ഷിച്ചാണ് കോടതി തള്ളിയത്. ആദ്യ ഘട്ടത്തിൽ അറസ്റ്റിലായ നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 25പേരെ പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഡി.ജി.പി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് റിപ്പോർട്ട് നൽകിയിരുന്നു. സി.പി.എം നടത്തിയത് കലാപ ശ്രമമാണെന്നും പൊലീസ് സംയമനം പാലിച്ചതോടെയാണ് കലാപം ഒഴിവായതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

