ദേശാഭിമാനി ബുറോയ്ക്ക് നേരെ ആക്രമണം: കര്‍ശനമായ നടപടി വേണമെന്ന് സി.പി.എം
text_fieldsകൽപ്പറ്റ: പ്രതിഷേധത്തിന്റെ പേരില്‍ യു.ഡി.എഫ് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയേറ്റ്. എസ്.എഫ്.ഐ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസില്‍ നടന്ന സംഭവങ്ങള്‍ സി.പി.എം അപലപിച്ചതാണ്. എന്നാല്‍, പ്രതിഷേധത്തിന്റെ പേരില്‍ ജില്ലയില്‍ യു.ഡി.എഫ് നടത്തുന്നത് ഗുണ്ടായിസമാണെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
ടി. സിദ്ധീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള ആളുകളെ സംഘടിപ്പിച്ചാണ് ജില്ലയില്‍ അക്രമണങ്ങള്‍ സംഘടിപ്പിക്കുന്നത്. കല്‍പ്പറ്റയിലെ ദേശാഭിമാനി ബുറോയ്ക്ക് നേരെയുണ്ടായ കല്ലേറ് ഇതിന്റെ ഭാഗമാണ്. കല്‍പ്പറ്റ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഭാഗമായ കൊടിമരം തകര്‍ക്കുകയും ജില്ലയില്‍ വ്യാപകമായി കൊടിതോരണങ്ങളും പ്രചരണ ബോര്‍ഡുകളും നശിപ്പിക്കുകയുമുണ്ടായി, ഇത് പൊതു സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത്തരം ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരിത്തി പ്രതിരോധിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ഇത്തരം ആക്രമണങ്ങള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത് കെ.പി.സി.സി പ്രസിഡണ്ടിന്റെയും പ്രതിപക്ഷ നേതാവിന്റെയും യു.ഡി.എഫ് നേതൃത്വത്തിന്റെയും മൗനനുവാദത്തോടെയാണ്. പ്രതിപക്ഷ നേതാവ് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വെച്ച് സംശയം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് തട്ടികയറിയതും ഭിക്ഷണിപ്പെടുത്തിയതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദേശാഭിമാനി ബുറോയ്ക്ക് നേരെ നടന്ന അക്രമം. ദേശാഭിമാനി ബുറോയ്ക്ക് നേരെ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.