സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിനുനേരേ ആക്രമണം; അഞ്ചുപേർ അറസ്റ്റിൽ
text_fieldsകരിമണ്ണൂർ(ഇടുക്കി): സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം. പാർട്ടി ഓഫിസിന്റെ ജനൽ ചില്ലുകൾ തല്ലിത്തകർത്തു. ഓഫിസിലുണ്ടായിരുന്ന എസ്.എഫ്.ഐ കരിമണ്ണൂർ ലോക്കൽ സെക്രട്ടറി അർജുൻ സാബു (19), ഡി.വൈ.എഫ്.ഐ കരിമണ്ണൂർ മേഖല കമ്മിറ്റി അംഗം ജോയൽ ജോസ് (21) എന്നിവർക്ക് പരിക്കേറ്റു. പരാതിയിൽ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്നൂർ സ്വദേശികളായ ജോസ്ബിൻ, നോബിൾ, വിവേക്, കരിമണ്ണൂർ സ്വദേശി മണികണ്ഠൻ, തൊടുപുഴ സ്വദേശി ആഷിക് എന്നിവരെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പന്നൂരിൽ കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ചിലർക്കെതിരെ മുമ്പ് ഡി.വൈ.എഫ്.ഐ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് ചിലരെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.ഇതുസംബന്ധിച്ച് ഇരുവിഭാഗം തമ്മിൽ പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇതാണ് ഓഫിസിന് നേരെയുള്ള അക്രമത്തിൽ കലാശിച്ചതെന്ന് സി.പി.എം പറയുന്നു. കരിമണ്ണൂർ സി.ഐ അബിയുടെ നേതൃത്വത്തിൽ പരിക്കേറ്റവരെയും കസ്റ്റഡിയിൽ എടുത്തവരെയും വൈദ്യപരിശോധനക്ക് ജില്ല ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം കരിമണ്ണൂരിൽ പ്രകടനം നടത്തി.
അക്രമത്തിന് പിന്നിൽ യൂത്ത് കോൺഗ്രസാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. എന്നാൽ, തങ്ങൾക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. തങ്ങളുടെ പേര് വലിച്ചിഴച്ച് സി.പി.എമ്മിനുണ്ടായ നാണക്കേട് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

