പാലക്കാട് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്ക്, ബി.ജെ.പി പ്രവർത്തകർ കസ്റ്റഡിയിൽ
text_fieldsപാലക്കാട് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ
പാലക്കാട്: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണമെന്ന് പരാതി. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെയായിരുന്നു ബുധനാഴ്ച അർധരാത്രിയോടെ ആക്രമണം ഉണ്ടായത്. പാലക്കാട് ഡി.സി.സി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണമഴിച്ചുവിട്ടത്. ആക്രമണത്തിൽ ഒരു കെ.എസ്.യു പ്രവർത്തകന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബോര്‍ഡ് വെക്കുന്നതുമായി നേരത്തെ മേഖലയിൽ ബി.ജെ.പി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. വാക്കേറ്റം സംഘർഷത്തിലേക്ക് വഴിമാറിയതോടെ കോൺഗ്രസ് സംഘം ഡി.സി.സി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. പിന്നാലെയെത്തിയ അക്രമി സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. ഇതേത്തുടർന്നാണ് ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ കല്ലേക്കാട് സ്വദേശികളായ അഞ്ച് ബി.ജെ.പി പ്രവർത്തകരെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
വാശിയേറിയ പ്രചാരണം നടന്ന ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്ക് 38,994 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1.53 കോടി വോട്ടർമാർക്കായി 18,274 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തൃശൂരിൽ 81, പാലക്കാട്ട്- 180, മലപ്പുറത്ത്- 295, കോഴിക്കോട്- 166, വയനാട്ടിൽ 189, കണ്ണൂരിൽ 1025, കാസർകോട്ട് 119 എന്നിങ്ങനെ 18,274 പോളിങ് ബൂത്തുകളിൽ 2,055 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ഇവിടെ അധിക സുരക്ഷ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

