നെന്മാറ: പഞ്ചായത്തിലെ അഞ്ചാം വാർഡംഗമായ സുനിത സുകുമാരനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ നെന്മാറ പൊലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച വൈകുന്നേരം ഏഴോടെ വീടിനടുത്തുനിന്ന് കാറിലെത്തിയ നാൽവർ സംഘം ബലം പ്രയോഗിച്ച് കാറിൽ കയറ്റി കത്തി കഴുത്തിൽ വെച്ച് വധഭീഷണി നടത്തിയതെന്നാണ് പൊലീസിന് നൽകിയ മൊഴി. ബഹളം വെച്ചതോടെ കാർ നിർത്തി റോഡരികിൽ തള്ളിയിട്ടുവെന്നും രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പഞ്ചായത്തംഗം പറഞ്ഞു.
വനിത പഞ്ചായത്തംഗത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനും വധഭീഷണിക്കും ശാരീരികമായി ആക്രമിച്ചതിനുമുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. നെന്മാറ സി.ഐ എ. ദീപകുമാറിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഞായറാഴ്ച സംഭവസ്ഥലത്തിനടുത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും മറ്റു തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പഞ്ചായത്തിൽ തുല്യതയെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് ഭരണം നേടിയത്.
എന്നാൽ സാധ്യതയുള്ള താൽക്കാലിക സർക്കാർ ജോലി ലഭിച്ചാൽ അംഗത്വം രാജിവെക്കണമെന്ന് കോൺഗ്രസ് പ്രതിനിധിയായ വനിത അംഗത്തിന് രാഷ്ട്രീയ എതിരാളികളിൽ നിന്ന് സമ്മർദമുണ്ടായതായും ആരോപിക്കപ്പെടുന്നു.