കൊല്ലത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം
text_fieldsഅഞ്ചൽ: ഇതര സംസ്ഥാന തൊഴിലാളികളെ മുൻ തൊഴിലുടമ ക്രൂരമായി മർദിച്ചതായി പരാതി. അസം സ്വദേശികളുടെ പരാതിയിൽ കെട്ടിട നിർമാണ കരാറുകാരനായ ഏരൂർ സ്വദേശി അജിക്കെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. പരാതിക്കാരായ അസം സ്വദേശികൾ നേരത്തേ അജിയുടെ തൊഴിലാളികളായിരുന്നു. ഏതാനും ദിവസങ്ങളായി ഇവർ മറ്റൊരു കോൺട്രാക്ടറോടൊപ്പമാണ് ജോലിക്ക് പോകുന്നത്. ക്ഷുഭിതനായ അജി തൊഴിലാളികൾ താമസിക്കുന്നിടത്തെത്തി അസഭ്യം വിളിക്കുകയും ഒരാൾ 100 രൂപ വീതം തരണമെന്നും ആവശ്യപ്പെട്ടു മർദിച്ചുവത്രേ.
ഉടൻതന്നെ വിവരം തൊഴിലാളികൾ അഞ്ചൽ പൊലീസിൽ അറിയിച്ചു. തുടർന്ന്, വെള്ളിയാഴ്ച രാവിലെ ജങ്ഷനിൽ ചായ കുടിക്കാനെത്തിയ തൊഴിലാളികളെ ബൈക്കിലെത്തിയ അജി ഉൾപ്പെടെ ആറംഗ സംഘം ക്രൂരമായി മർദിച്ചുവത്രേ. പൊലീസിൽ പരാതി നൽകിയതിന് തോർത്തിൽ കല്ല് കെട്ടി മർദിച്ചുവെന്നാണ് പറയുന്നത്. മർദനത്തിൽ അസം സ്വദേശി അബ്ദുൽ റഹിമിന് (29) തലക്കും ചെവിക്കും കൈമുട്ടിനും മുതുകിലും പരിക്കേറ്റു. മറ്റുള്ളവർ ഒാടി രക്ഷപ്പെട്ടു. പൊലീസിെൻറ നിർദേശ പ്രകാരം അബ്ദുൽ റഹിം ആശുപത്രിയിൽ ചികിത്സ തേടി.
ഒരു വർഷം മുമ്പ് ഇവിടെ പശ്ചിമ ബംഗാൾ സ്വദേശിയായ മണിക് റോയി നാട്ടുകാരുടെ മർദനമേറ്റതിനെത്തുടർന്ന് മരിച്ചിരുന്നു. അജിക്കെതിരെ കേസെടുത്തതായി അഞ്ചൽ സി.ഐ സി.എൽ. സുധീർ അറിച്ചു. സംഭവം പൊലീസ് നിസ്സാരവത്കരിക്കുകയാണെന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ നിസ്സാര വകുപ്പു ചുമത്തി കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടുവെന്നും നാട്ടുകാർ ആരോപിക്കുന്നു.