‘അന്ധയായ സ്ത്രീയെ പോലും വെറുതെ വിടുന്നില്ല’; ക്രിസ്മസ് ആശംസ നേരുംമുമ്പ് മോദി അക്രമികളെ ജയിലിലടക്കണം -കെ.സി. വേണുഗോപാൽ
text_fieldsകൊച്ചി: ക്രിസ്മസ് ആശംസകൾ നേരുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ചെയ്യേണ്ടത് ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ നിർത്തിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. അക്രമം നടത്തുന്നവരെ ജയിലിൽ അടപ്പിച്ച് കുറ്റക്കാരെ കർശനമായി നേരിടണം. എന്നിട്ടായിരിക്കണം അദ്ദേഹം ക്രിസ്മസ് ആശംസകൾ നേരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലടക്കം രാജ്യവ്യാപകമായി ക്രൈസ്തവർക്ക് നേരെ സംഘ്പരിവാർ ആക്രമണം നടക്കുന്ന സാഹചര്യത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം. ‘ഉത്തരേന്ത്യയിൽ വ്യാപകമായി ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത് നമുക്കെല്ലാം വേദനയുണ്ടാക്കുന്ന കാര്യമാണ്. അന്ധയായ സ്ത്രീയെ പോലും വെറുതെ വിടുന്നില്ല. ഇത്ര ഗുരുതരമായ കാലം വേറെ ഉണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. പ്രധാനമന്ത്രി ആദ്യം ചെയ്യേണ്ടത് ഇത് നിർത്തിക്കുക എന്നതാണ്. അക്രമികളെ പിടികൂടി ജയിലിലടക്കണം. കുറ്റക്കാരെ കർശനമായി ശിക്ഷിക്കണം. എന്നിട്ടായിരിക്കണം അദ്ദേഹം ക്രിസ്മസ് ആശംസകൾ നേരേണ്ടത്’ -വേണുഗോപാൽ പറഞ്ഞു.
അതിനിടെ, ക്രിസ്മസ് ദിനത്തിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ നോർത്ത് അവന്യൂവിലുള്ള സി.എൻ.ഐ സഭയുടെ റിഡംപ്ഷൻ കത്തീഡ്രൽ ചർച്ച് സന്ദർശിക്കും. ക്രൈസ്തവർക്കെതിരെയും ക്രിസ്‍മസ് ആഘോഷങ്ങൾക്കെതിരെയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വ്യാപകമായ ആക്രമണസംഭവങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ചർച്ചിലെത്തുന്നത്. രാവിലെ 8.30നാണ് സന്ദർശനം.
കഴിഞ്ഞ വർഷം അദ്ദേഹം ഡൽഹിയിലെ സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ക്രിസ്‍മസ് ആഘോഷത്തിൽ പങ്കെടുക്കുകയും പ്രമുഖ ക്രൈസ്തവ നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. പള്ളിയിലെത്തിയ ഭക്തജനങ്ങൾക്കും ഈസ്റ്റർ ആശംസകൾ നേർന്ന് ദേവാലയ വളപ്പിൽ അദ്ദേഹം ഒരു വൃക്ഷത്തൈ നടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

