മൂന്നു വയസ്സുകാരിക്ക് ക്രൂര മർദനം; പിതാവിനെതിരെ പൊലീസ് കേസെടുത്തു
text_fieldsമുക്കം: മൂന്നു വയസ്സുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണാശ്ശേരി സ്വദേശി ജയകുമാറി(36)നെയാണ് മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം പിതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. പിതാവിെൻറ ക്രൂര മർദനത്തിൽ ദേഹത്ത് പുറംഭാഗത്ത് പരിക്കുകളേറെയുള്ള കുട്ടിയെ കോഴിക്കോട് വെള്ളിമാട്കുന്നിലെ ഷോർട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ കൈകാലുകളിലും പുറത്തും മുറിവേറ്റ പാടുകളും മുറിവിന് പുറമെ നിരവധി കറുത്ത പാടുകളുമുണ്ട്. ഇത് നേരത്തെ മർദനമേറ്റതാണെന്നാണ് പൊലീസിെൻറ നിഗമനം.
മുമ്പ് ഇതേ തരത്തിലുള്ള സംഭവം നടന്നതിനെ തുടർന്ന് അയൽവാസികൾ പലതവണ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും സ്ഥലത്തെത്തിയ പൊലീസിന് കുട്ടിയുടെ ദേഹത്ത് പരിക്കുകളൊന്നും കാണാൻ സാധിക്കാത്തതിനെ തുടർന്ന് മടങ്ങിപ്പോവേണ്ടി വരുകയായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടി അംഗൻവാടിയിൽ എത്താത്തതിനെ തുടർന്ന് സംശയം തോന്നിയ അംഗൻവാടി ടീച്ചർ നഗരസഭ കൗൺസിലറെ വിവരമറിയിക്കുകയായിരുന്നു. കൗൺസിലറുടെ പരാതിയെ തുടർന്ന് ശിശുസംരക്ഷണ വിഭാഗം ജില്ലാ ഓഫിസർ ഷീബ മുംതാസും മുക്കം പൊലീസും നേരിട്ട് കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് മർദനത്തിൽ പരിക്കേറ്റ വിവരം അറിയുന്നത്. കട്ടിലിൽ കയറി കളിച്ചതിന് പിതാവ് ജയകുമാർ മർദിക്കുകയായിരുന്നെന്നാണ് കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത്.
