തൃശൂർ: ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം റേഷൻ ഗുണഭോക്താക്കൾക്ക് പ്രതിമാസം സൗജന്യമായി നൽകിയിരുന്ന ഗോതമ്പ് ഈ മാസം മുതൽ ഇല്ല. പകരം സംസ്ഥാന പൊതുവിതരണ വകുപ്പ് ഗോതമ്പ് ആട്ടയാക്കി നൽകും. എന്നാൽ, ആട്ടയാക്കി പൊടിച്ച് നൽകാൻ കാർഡുടമ പണം നൽകണം. പുതിയ ഉത്തരവനുസരിച്ച് ജൂണിൽ ഒാരോ കിലോ ആട്ടയാണ് വിതരണം ചെയ്യുക. ബാക്കി അളവ് ഗോതമ്പുതന്നെ നൽകും. തുടർ മാസങ്ങളിൽ ഗോതമ്പ് പൂർണമായി ഇല്ലാതാക്കി ആട്ട നൽകാനാണ് ശ്രമം. ഗോതമ്പ് പൊടിച്ച് ആട്ടയാക്കി നൽകുന്നത് ജനങ്ങൾക്ക് കൂടുതൽ സൗകര്യമാകുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ തീരുമാനം.
നേരത്തേ അന്ത്യോദയ വിഭാഗത്തിന് കാർഡിന് അഞ്ചുകിലോ ഗോതമ്പ് സൗജന്യമായാണ് നൽകിയിരുന്നത്. എന്നാൽ, ആട്ടക്ക് കിലോക്ക് ആറുരൂപ നൽകണം. മുൻഗണന വിഭാഗക്കാർ കിലോക്ക് എട്ടു രൂപ നൽകണം. നേരത്തേ ഇ-പോസ് ഹാൻഡ്ലിങ് ചാർജ് ഇനത്തിൽ രണ്ടുരൂപ മാത്രമാണ് ഗോതമ്പിന് ഇവരിൽനിന്ന് ഈടാക്കിയിരുന്നത്. അന്ത്യോദയ റേഷൻ കാർഡ് ഉടമകളിൽനിന്ന് ആട്ടക്കായി വാങ്ങുന്ന ആറുരൂപയിൽനിന്ന് 70 പൈസ പൊതുവിതരണ വകുപ്പിനും 5.30 രൂപ സിവിൽ സപ്ലൈസ് വകുപ്പിനും റേഷൻ വ്യാപാരികൾ നൽകണം. മുൻഗണനക്കാരിൽ നിന്നുള്ള എട്ടു രൂപയിൽ നിന്ന് ആറു രൂപ പൊതു വിതരണവകുപ്പിന് നൽകണം.
നേരത്തേ ഹാൻഡ്ലിങ് ചാർജായി വാങ്ങിയിരുന്ന രണ്ടു രൂപ റേഷൻകടക്കാർക്കും ലഭിക്കും. സ്വകാര്യ മില്ലുകളെ ഉപയോഗിച്ചാണ് ഗോതമ്പ് പൊടിച്ചുനൽകുക. സമയ ബന്ധിതമായി ആട്ട നൽകാൻ സാധിക്കാത്ത സാഹചര്യമാണ് ഇത് സൃഷ്ടിക്കുക. നിലവിൽ മുൻഗണനേതര, പൊതു കാർഡുകൾക്ക് ഗോതമ്പ് ആട്ടയാക്കി നൽകുന്നത് സ്വകാര്യ മില്ലുകളാണ്. ഇതുതന്നെ കൃത്യസമയത്ത് നൽകാനാവുന്നില്ല.