തൃശൂർ: എ.ടി.എമ്മുകളിൽ തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യൻ സംഘം തൃശൂരിൽ പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ ഗോവിന്ദ് നഗർ സ്വദേശി മനോജ് കുമാർ (55), സൗത്ത് കാൺപൂർ സോലാപർഹ് സൗത്ത് അജയ് ശങ്കർ (33), കാൺപൂർ പാങ്കി പതർസ സ്വദേശി പങ്കജ് പാണ്ഡേ (25), കാൺപൂർ ധബോളി സ്വദേശി പവൻ സിങ് (29) എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒമ്പതിനും 12നും തൃശൂരിൽ അശ്വിനി ആശുപത്രിക്ക് സമീപത്തെ എസ്.ബി.ഐ എ.ടി.എമ്മിൽ 1.50 ലക്ഷത്തിെൻറ ദുരൂഹ ഇടപാട് നടന്നതായി എസ്.ബി.ഐ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലെ എ.ടി.എം ചാനൽ മാനേജർ ഷിനോജ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
എ.ടി.എമ്മുകളിലെ സി.സി.ടി.വി കാമറകളിൽനിന്ന് പ്രതികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രതികളെ പിടികൂടിയത്. നൂറിലധികം എ.ടി.എം കാർഡുകളും 35,000 രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. എ.ടി.എം കാർഡുകളുടെ യഥാർഥ അക്കൗണ്ട് ഉടമകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽനിന്നും പ്രതികൾ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സംശയിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർ പ്രമോദ്, സീനിയർ സി.പി.ഒ ഷെല്ലാർ, സി.പി.ഒ വിജയരാജ്, ട്രാഫിക് പൊലീസ് സ്റ്റേഷൻ സി.പി.ഒ ഷാജഹാൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
തട്ടിപ്പ് ഇങ്ങനെ
വിവിധ ബാങ്കുകളുടെ അക്കൗണ്ടുകളും എ.ടി.എം കാർഡുകളും സംഘടിപ്പിക്കും. ഇത്തരം അക്കൗണ്ടുകളിൽ ചെറിയ തുകകൾ നിക്ഷേപിച്ച് എ.ടി.എമ്മുകളിൽനിന്നും പണം പിൻവലിക്കാൻ ശ്രമിക്കുന്നു. എ.ടി.എമ്മുകൾ പണം പുറന്തള്ളുന്ന സമയം സെൻസറുകളിൽ എന്തെങ്കിലും വസ്തുക്കൾ തിരുകിക്കയറ്റി പ്രവർത്തനരഹിതമാക്കും. പണം തട്ടിപ്പുകാർക്ക് ലഭിക്കുമെങ്കിലും, പണം പിൻവലിക്കപ്പെട്ടതായി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തില്ല. മാത്രമല്ല എ.ടി.എമ്മിൽ സാങ്കേതിക തകരാർ മൂലം പണം നൽകാൻ സാധിച്ചില്ല എന്നും കാണിക്കും. എ.ടി.എമ്മിലൂടെ പണം ലഭിച്ചില്ലെന്ന് കാണിച്ച് തട്ടിപ്പുകാർ ബാങ്കിൽ പരാതി നൽകും. റിസർവ് ബാങ്ക് നിയമപ്രകാരം ഇത്തരത്തിൽ പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം ഇടപാടുകാരന് പണം മടക്കി നൽകണം. അതോടെ ബാങ്ക് പണം നൽകാൻ ബാധ്യസ്ഥരാകുന്നു. ഇത്തരത്തിൽ നിരവധി തവണ തട്ടിപ്പ് ആവർത്തിക്കുന്നു. വിവിധ അക്കൗണ്ടുകൾ വഴിയും ഇതുപോലെ ശ്രമിക്കുന്നു. ഇതോടെ ലക്ഷങ്ങൾ ഇവർക്ക് ലഭിക്കും.