എ.ടി.എം തകർത്ത് മോഷണം: രണ്ടുപേർ ഡൽഹിയിൽ പിടിയിൽ
text_fieldsതൃപ്പൂണിത്തുറ: എ.ടി.എമ്മുകൾ കുത്തിത്തുറന്ന് 35,05,200 രൂപ കവർന്ന കേസിൽ രണ്ട് പ്രതികൾ പിടിയിൽ. എറണാകുളം ഇരുമ്പനത്ത് പുതിയറോഡ് ജങ്ഷനിൽ സീപോർട്ട്-എയർപോർട്ട് റോഡിലെ എസ്.ബി.ഐ എ.ടി.എം, തൃശൂരിലെയും കോട്ടയത്തെയും എ.ടി.എമ്മുകൾ എന്നിവ കുത്തിത്തുറന്ന് പണം കവർന്ന് കടന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരെയാണ് ഡൽഹിയിൽനിന്ന് അന്വേഷണ സംഘം പിടികൂടിയത്.
കവർച്ച സംഘങ്ങളുടെ ഗ്രാമമായ മേവാസിൽ നിന്നുള്ളവരാണ് എ.ടി.എം കവർച്ചക്ക് പിന്നിലെന്ന് അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. പിടിയിലായ കവർച്ചസംഘത്തിലെ രണ്ടുപേരെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഘത്തിൽ അഞ്ചുേപർ ഉള്ളതായി അന്വേഷണ സംഘം സ്ഥിരീകരിച്ചത്. ചാലക്കുടി-കൊരട്ടി ടവർ കേന്ദ്രീകരിച്ച് ഹൈവേയിൽ സ്ഥാപിച്ച സ്പീഡ് കാമറയിലെ ദൃശ്യങ്ങളിൽനിന്നും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലുമാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വടക്കേ ഇന്ത്യയിൽനിന്നും ലോഡുമായി കേരളത്തിലെത്തിയ ട്രക്കിലെ ഡ്രൈവർമാരാണ് കവർച്ചക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം കവർച്ച ചെയ്യുന്നതിൽ വിദഗ്ധനായ ഒരാൾ വിമാന മാർഗമാണ് കേരളത്തിലെത്തിയതെന്നും വ്യക്തമായിരുന്നു. മോഷണത്തിന് ശേഷം ഇവർ ട്രക്കുമായി രാജസ്ഥാനിലേക്ക് കടന്നതായി ലോറി ഏജൻസികൾ പൊലീസിന് നൽകിയ വിവരത്തെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയിലധികമായി ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പിടിയിലായ രണ്ടുപേരിൽ ഒരാൾ എ.ടി.എം കൗണ്ടറിനുള്ളിൽ കയറി പണം കവർച്ച ചെയ്ത ഒരാളും മറ്റൊരാൾ ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത രണ്ടുപേരിൽ ഒരാളുമാണെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
മറ്റ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവർ ഉടൻ പിടിയിലാകുമെന്നും ഒരാഴ്ചക്കുള്ളിൽ പ്രതികളെ അന്വേഷണ സംഘം കേരളത്തിലേക്ക് കൊണ്ടുവരുമെന്നുമാണ് കൊച്ചി ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
