സ്നേഹത്തിന്റെ മദ്റസ പാഠങ്ങളിൽ ആത്മികക്കും ഐഷികക്കും എ പ്ലസ്
text_fieldsആത്മികയും ഐഷികയും
പേരാമ്പ്ര: കായണ്ണ ഗവ: ജി.യു.പി സ്കൂളിലെ ആറാം ക്ലാസുകാരി ആത്മികയും സഹോദരി രണ്ടാം ക്ലാസുകാരി ഐഷികക്കും സ്കൂൾ തുറന്നതോടെ കാലത്ത് ഏഴു മണിക്ക് ഇറങ്ങണം. ആദ്യമവർ പോകുന്നത് കായണ്ണ മദ്റസത്തുൽ മനാറിലേക്കാണ്. മദ്റസ പഠനം കഴിഞ്ഞാണ് അവർ സ്കൂളിലേക്ക് പോകുന്നത്.
കായണ്ണ നടുക്കണ്ടി ബാബു - കവിത ദമ്പതികളുടെ മക്കളാണ് ഇരുവരും. മക്കൾ ഖുർആൻ ഉൾപ്പെടെ പഠിക്കുന്നതിനു വേണ്ടി രക്ഷിതാക്കൾ സ്വന്തം ഇഷ്ട പ്രകാരമാണ് മദ്രസയിൽ പറഞ്ഞയക്കുന്നത്.ആറാം ക്ലാസിലുള്ള ആത്മിക കെ.എൻ.എം നടത്തിയ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടി. അറബിയടക്കം നാല് വിഷയങ്ങളിൽ എ പ്ലസും ഖുർആൻ, ഹിഫ്ദ് പരീക്ഷയിൽ എ ഗ്രേഡും ഈ വിദ്യാർത്ഥി കരസ്ഥമാക്കി.
ഐഷിക മദ്രസയിൽ ഒന്നാം തരത്തിലാണ് പഠിക്കുന്നത്. മറ്റ് മതത്തിലുള്ളവർ മദ്രസയിൽ കുട്ടികളെ അയക്കാറില്ലല്ലോ എന്ന് ചോദിച്ചപ്പോൾ കുട്ടികൾ എല്ലാം പഠിക്കട്ടെ എന്നായിരുന്നു ഇവരുടെ രക്ഷിതാക്കളുടെ അഭിപ്രായം. പിതാവ് ബാബു ബാലുശ്ശേരിയിൽ സ്വന്തമായി സ്ഥാപനം നടത്തുകയാണ്. അമ്മ കവിത പേരാമ്പ്ര ബി.ആർ.സിയിൽ അധ്യാപികയാണ്.