അതിരപ്പിളളി പദ്ധതി നിർമാണം ആരംഭിച്ചു
text_fieldsതൃശൂർ: അതിരപ്പിളളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് വൈദ്യുതി ബോർഡ്. പദ്ധതി പ്രദേശത്ത് വൈദ്യുതി ലൈന്‍ വലിക്കുകയും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയും ചെയ്തതായി കെ.എസ്.ഇ.ബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18ന് മുന്‍പാണ് അഞ്ചുകോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ പദ്ധതിക്ക് ലഭിച്ച പാരിസ്ഥിതിക അനുമതി റദ്ദാകാതിരിക്കാനാണ് തിടുക്കത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നാണ് സൂചന.
വനംവകുപ്പിന് നല്‍കാനുളള നഷ്ടപരിഹാരം നല്‍കിയതായും കെ.എസ്.ഇ.ബി കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. അഞ്ചുകോടി രൂപയാണ് നഷ്ടപരിഹാരം നൽകിയതെന്നാണ് സൂചന. അതിരപ്പിളളി പദ്ധതിക്കായി പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ അതിരപ്പിളളി പദ്ധതിയെക്കുറിച്ച് വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഭരണപക്ഷത്ത് നിന്നും പദ്ധതിക്കെതിരെ സി.പി.ഐയുടെ എതിര്‍പ്പും ശക്തമാണ്. പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതിരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും രംഗത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
