നിധിയായ് ഓർമകൾ, ആതിര പ്രിയപ്പെട്ടവന് വിടചൊല്ലി
text_fieldsകോഴിക്കോട്: സങ്കടക്കടലിരമ്പുകയായിരുന്നു അവിടെ കൂടിയിരുന്ന ഓരോ മനസ്സിലും. അത്രമേൽ സ്നേഹിച്ചൊരാളെ അവസാനമായി ഒരുനോക്ക് കാണാനൊരുങ്ങുന്നൊരുവളുടെ ദുഃഖം അവരെല്ലാം നെഞ്ചിലേറ്റിയിരുന്നു.
തന്നെയും കുഞ്ഞിനെയും കാണാൻ വരുമെന്ന വാക്ക് പാലിക്കാനാകാതെ യാത്രയായ നിധിന് വിട ചൊല്ലാൻ ഭാര്യ ആതിരയെത്തിയ കാഴ്ച എല്ലാവരെയും കണ്ണീരിലാഴ്ത്തി.
ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ച നിധിൻ ചന്ദ്രന്‍റെ മൃതദേഹം ഭാര്യ ആതിരക്ക് ഒരുനോക്ക് കാണാന്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോളാണ് നൊമ്പര നിമിഷങ്ങൾ അരങ്ങേറിയത്. ചൊവ്വാഴ്ച ആതിര പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതറിയാതെ കണ്ണാടിക്കൂട്ടിനുള്ളിൽ നിത്യനിദ്രയിലായിരുന്ന നിധിന് ആതിര അന്തിമോപചാരമർപ്പിച്ചത് കണ്ണീർകാഴ്ചയായി.

ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിൽ ബുധനാഴ്ച രാവിലെയാണ് നിധിന്‍റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. അവിടെ നിന്ന് പത്തേമുക്കാലോടെ ആതിര ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചു. ആതിരയും മറ്റ് കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലെത്തിച്ചു. വൈകീട്ട് പേരാമ്പ്രയിലാണ് സംസ്കാരം.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മരണവിവരമറിഞ്ഞ ബന്ധുക്കൾ പ്രസവത്തിന് മുമ്പുള്ള കോവിഡ് പരിശോധനക്കെന്ന് പറഞ്ഞ് ആതിരയെ ആശുപത്രിയിലേക്ക് മാറ്റി. ജൂൈല ആദ്യവാരമായിരുന്നു പ്രസവം കണക്കാക്കിയിരുന്നതെങ്കിലും നിധിന്‍റെ മരണവിവരം അറിയിക്കുന്നതിന് മുമ്പ് പ്രസവ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.40ന് ആതിര പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

നിധിന്‍റെ മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നതിന് തൊട്ടുമുമ്പാണ് ആതിരയെ ഡോക്ടർമാർ മരണവിവരം അറിയിക്കുന്നത്. വാവിട്ട് കരഞ്ഞ ആതിരയെ എങ്ങിനെ ആശ്വസിപ്പിക്കുമെന്നറിയാതെ ഡോക്ടർമാരും ബന്ധുക്കളും കുഴങ്ങി. 11 മണിയോടെയാണ് മാസ്കും സുരക്ഷാവസ്ത്രവുമണിയിച്ച് ആതിരയെ വീൽചെയറിൽ ആംബുലൻസിനടുത്തേക്ക് കൊണ്ടുവന്നത്. കരൾ നുറുങ്ങുന്ന വേദനയിൽ ആതിര പ്രിയതമന് വിടചൊല്ലുകയും ചെയ്തു.
കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മേയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തില്‍ തന്നെ ആതിര നാട്ടിലേക്ക് തിരിച്ചു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു.

റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്‍റെ മകനാണ് നിതിൻ. കേരള ബ്ലഡ് ഗ്രൂപ്പിന്റെ യു.എ.ഇയിലെ കോര്‍ഡിനേറ്ററും കോൺഗ്രസിന്റെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിങിന്റെ സജീവ പ്രവർത്തകനുമായിരുന്നു. കോവിഡ് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
