അക്കാലത്ത് തിരുവിതാംകൂറിൽ ആർക്കും പിണറായി വിജയനെ അറിയില്ല; തന്നെ വളർത്തിയത് പിണറായിയാണെന്ന വാദത്തിന് ജി. സുധാകരന്‍റെ മറുപടി
text_fieldsആലപ്പുഴ: തന്നെ വളർത്തിയത് പിണറായി വിജയൻ ആണെന്ന വാദത്തെ തള്ളി, സി.പി.എം വിട്ട് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്ന മുന്‍മന്ത്രി ജി സുധാകരൻ. 1967 കാലഘട്ടത്തിൽ പിണറായി വിജയനെ തിരുവിതാംകൂറിൽ ആർക്കും അറിയില്ലായിരുന്നുവെന്നും അദ്ദേഹം അന്ന് മലബാറിൽ തലശ്ശേരിയിൽ മാത്രം ഒതുങ്ങിനിന്ന നേതാവായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധി പങ്കെടുത്ത പ്രചാരണ പരിപാടിയിലാണ് സുധാകരന്റെ പിണറായിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. പരിപാടിയിൽ രാഹുൽഗാന്ധിയെ സുധാകരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. തന്റെ അനുജനും രക്തസാക്ഷിയുമായ ഭുവനേശ്വരന്റെ കേസ് നടത്താൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാർട്ടി പത്തു പൈസ പോലും നൽകിയിട്ടില്ലെന്നുംവീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ടാണ് ആ കേസ് നടത്തിയതെന്നും അദ്ദേഹം ആവർത്തിച്ചു.
63 വർഷമായി താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും 15-ാം വയസ്സിലാണ് പാർട്ടിയിൽ ചേർന്നതെന്നും ജി. സുധാകരൻ വ്യക്തമാക്കി.മാർക്‌സിനെയോ ഏംഗൽസിനെയോ വായിക്കാത്തവരാണ് ഇന്നത്തെ പല മാർക്‌സിസ്റ്റുകാരും. എ. വിജയരാഘവനെ സുധാകരൻ 'പരാജയരാഘവൻ' എന്നും വിശേഷിപ്പിച്ചു. വിജയരാഘവൻ എവിടെ പ്രസംഗിക്കുന്നുവോ അവിടെ എൽ.ഡി.എഫ് തോൽക്കുമെന്നും സുധാകരൻ പരിഹസിച്ചു.
ഒരു പാർട്ടിക്കും ഒരു മണ്ഡലവും സ്ഥിരമായി അവകാശപ്പെടാനാവില്ലെന്ന് പറഞ്ഞ സുധാകരൻ ആലപ്പുഴയിൽ യു.ഡി.എഫ് കൃത്യമായി പ്രവർത്തിച്ചാൽ എൽ.ഡി.എഫ് ഒന്നോ രണ്ടോ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും പറഞ്ഞു.കോൺഗ്രസ് പിന്തുണ അഭിമാനപൂര്‍വം സ്വീകരിക്കുന്നു. കോൺഗ്രസ് ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായിക്ക് ഒരാളെ മാത്രമാണ് ജയിപ്പിക്കാൻ കഴിഞ്ഞതെന്നും സി.പി.എം ഇൻഡ്യ മുന്നണിയുമായി ചേരുമ്പോൾ പിണറായി വിജയൻ ഉറങ്ങുകയായിരുന്നോവെന്ന് സുധാകരൻ ചോദിച്ചു.സജി ചെറിയാൻ പിണറായി വിജയന്‍റെ വലം കൈയാണ്. സജി ചെറിയാന്‍റെ അഴിമതി തുറന്ന് കാട്ടിയാൽ യു.ഡി.എഫിന് ചെങ്ങന്നൂർ കിട്ടും. ബിജെപിക്ക് 5 പഞ്ചായത്തുകളാണ് സജി ചെറിയാൻ സംഭാവന ചെയ്തതെന്നും സുധാകരൻ ആരോച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

