ന്യായമായ നിയമ സഹായം ലഭിച്ചില്ല;കൊലക്കേസ് പ്രതിയെ 14 വർഷത്തിന് ശേഷം വെറുതെവിട്ടു
text_fieldsകൊച്ചി: ന്യായമായ നിയമസഹായം ലഭ്യമാകാത്ത സാഹചര്യം വിലയിരുത്തി, 14 വർഷമായി തടവിൽ കഴിയുന്ന കൊലക്കേസ് പ്രതിയെ ഹൈകോടതി വെറുതെ വിട്ടു.
പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തിൽ ജഡ്ജിക്ക് ആ ചുമതല ഏറ്റെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി. രാജവിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കോട്ടയം കുന്നേൽപ്പീടികയിൽ വിജീഷ് വധക്കേസിലെ പ്രതി പാമ്പാടി വെള്ളൂർ സ്വദേശി സി.ജി. ബാബുവിനെ വെറുതെ വിട്ടത്. കോട്ടയം അഡീ. സെഷൻസ് കോടതി വിധിച്ച ജീവപര്യന്തവും പിഴയും റദ്ദാക്കുകയും ചെയ്തു.
2011 സെപ്റ്റംബർ 18ന് ഓണാഘോഷത്തിനിടെയാണ് വിജീഷ് കുത്തേറ്റു മരിച്ചത്. പ്രോസിക്യൂട്ടറുടെ അഭാവത്തിൽ വിചാരണ കോടതി ജഡ്ജി വിസ്താരം നടത്തിയിരുന്നെങ്കിലും വിചാരണ വേളയിൽ പ്രതിക്ക് ന്യായമായ നിയമസഹായം ലഭിച്ചില്ലെന്ന് ഹൈകോടതി വിലയിരുത്തി. തെളിവുകൾ ശരിയായി വിലയിരുത്തിയില്ലെന്നും യോഗ്യനായ അഭിഭാഷകന്റെ സഹായം ലഭിച്ചില്ലെന്നുമുള്ള പ്രതിയുടെ വാദവും ശരിവച്ചു.
ഇയാൾ 14 വർഷം തടവുശിക്ഷ അനുഭവിച്ചതിനാൽ പുനർവിചാരണ നടത്തുന്നത് ന്യായമല്ല. ഭരണഘടന ഉറപ്പ് നൽകുന്ന ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണുണ്ടായത്. സൗജന്യ നിയമ സഹായം പ്രതിയുടെ അവകാശമാണ്. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള വിചാരണ നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ശിക്ഷ റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

