അഷ്വേർഡ് പെൻഷൻ നൽകും, വീണ്ടും ധനമന്ത്രിയുടെ പ്രഖ്യാപനം
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് നിലവിലെ പങ്കാളിത്ത പെൻഷനു പകരം അഷ്വേർഡ് പെൻഷൻ (ഉറപ്പായ പെൻഷൻ) നടപ്പാക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നും അതിന്റെ കുടിശിക നൽകുന്നത് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം കടുത്ത പ്രതിഷേധങ്ങൾക്കിടയാക്കിയതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതാകട്ടെ പ്രതിഷേധം തണുപ്പിക്കാനുള്ള അനുനയമാണെന്ന വിലയിരുത്തലുമുണ്ട്. അഷ്വേഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് 2024ലെയും 2025ലെയും ബജറ്റ് പ്രസംഗങ്ങളിൽ സർക്കാർ പ്രഖ്യാപിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.
കേന്ദ്രസർക്കാർ നടപ്പാക്കിയ ഏകീകൃത പെൻഷൻ പദ്ധതിക്കു (യു.പി.എസ്) സമാനമായി ജീവനക്കാരുടെ പങ്കാളിത്തമുള്ളതാവും പുതിയ പെൻഷൻ പദ്ധതിയെന്നതായിരുന്നു വിഭാവന. അതേസമയം നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാവുന്നവിധം മന്ത്രിതലത്തിലുള്ള കൂടിയാലോചനകൾ തുടങ്ങുകയും ശിപാർശകൾക്കായി ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കുകയും ചെയ്തുവെന്നാണ് പുതിയ വിവരം.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നിർത്തലാക്കിയാണ് 2013 ഏപ്രിലിൽ സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. ശമ്പളത്തിന്റെ 10 ശതമാനം വീതം ജീവനക്കാരും സർക്കാറും പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച് അതിൽനിന്ന് പെൻഷൻ നൽകുന്ന രീതിയാണിത്.
എന്നാൽ 2016 ലെ എൽ.ഡി.എഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നത്. 10 വർഷം പിന്നിടുമ്പോഴും പ്രഖ്യാപനം ആവർത്തിക്കുന്നതല്ലാതെ നടപടിയുണ്ടാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ജീവനക്കാർക്കുള്ളത്. ഒന്നാം പിണറായി സർക്കാറിന്റെ അവസാന കാലത്ത് പിൻവലിക്കൽ സാധ്യതയെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. ജോയിന്റ് കൗൺസിൽ സുപ്രീംകോടതി വരെ കേസ് നടത്തിയ ശേഷമാണ് സമിതിയുടെ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. പിന്നാലെ ജീവനക്കാർ തുടർച്ചയായി സമരം നടത്തിയതിനെ തുടർന്നാണ് ബജറ്റ് പ്രസംഗത്തിലെ അഷ്വേഡ് പെൻഷൻ പ്രഖ്യാപനം. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാണ് ഇടതുമുന്നണിയുടെ പ്രഖ്യാപിതനയം. സർക്കാറിന്‍റെ വിഹിതം നിശ്ചിത ശതമാനമായിരിക്കുമെന്നാണ് അഷ്വേർഡ് പെൻഷനിലേയും വ്യവസ്ഥ. എന്നാൽ ജീവനക്കാർക്ക് നിശ്ചയിക്കുന്ന തുകക്കു പുറമേ അധികതുക നൽകാം. അവർക്ക് അധികപെൻഷൻ കിട്ടും. ഇപ്പോൾ സർക്കാർ നിശ്ചയിച്ച മൂന്നു സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താനേ ജീവനക്കാർക്കാവൂ. ഇതു മാറ്റി ജീവനക്കാർക്ക് നിക്ഷേപകസ്ഥാപനം തെരഞ്ഞെടുക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

