പൊലീസ് മർദനം നിയമസഭ ചർച്ച ചെയ്യും, അടിയന്തര പ്രമേയത്തിന് അനുമതി; രണ്ട് മണിക്കൂർ ചർച്ച 12 മുതൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമാകുന്ന പൊലീസ് മർദനത്തെ കുറിച്ച് നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യാമെന്ന് സംസ്ഥാന സർക്കാർ. പൊലീസ് മർദനത്തെ കുറിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിലാണ് സർക്കാർ ചർച്ചക്ക് തയാറായത്.
ഇന്ന് ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ ചർച്ചയാണ് നടക്കുക. പൊലീസ് മർദനം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത് പ്രതിപക്ഷ എം.എൽ.എയായ റോജി എം. ജോൺ ആണ്.
സമൂഹം വലിയ തോതിൽ ചർച്ച ചെയ്ത വിഷയമായതിനാൽ നിയമസഭയും ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. പൊലീസ് അതിക്രമങ്ങൾ ആഭ്യന്തര വകുപ്പിനെയും ഇടത് സർക്കാറിനെയും വെട്ടിലാക്കുന്ന സാഹചര്യത്തിലാണ് പിണാറായി സർക്കാർ വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ സമ്മതിച്ചത്.
അതേസമയം, പൊലീസ് അതിക്രമങ്ങളെ ഇന്നലെ നടന്ന എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി ന്യായീകരിച്ചെന്നാണ് വിവരം. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ഉയര്‍ന്ന പരാതികളും വിവാദങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
മുന്‍കാലങ്ങളില്‍ ഉയര്‍ന്ന പരാതികളിലൊക്കെ സ്ഥലംമാറ്റം ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസുകാരെ പിരിച്ചുവിട്ടതടക്കം സര്‍ക്കാറിന്റെ കര്‍ക്കശ നടപടികളും യോഗത്തിൽ വിശദീകരിച്ചു.
അതേസമയം, ഒരു കാരണവശാലും പൊലീസ് മർദനങ്ങളെ ന്യായീകരിക്കാനോ ലോക്കപ്പുകളെ മർദന കേന്ദ്രങ്ങളാക്കാനോ ഇടത് സർക്കാർ അനുവദിക്കില്ലെന്ന് യോഗ ശേഷം മാധ്യമങ്ങളെ കണ്ട കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കിയത്. സർക്കാർ നിലപാടിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കും.
നിലവിലെ വിവാദങ്ങൾ കൊണ്ട് സർക്കാറിന്റെ പ്രതിച്ഛായക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. വർഷങ്ങൾ പഴക്കമുള്ള കേസുകളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് അങ്ങേയറ്റത്തെ പൊലീസ് പീഡനം അനുഭവിച്ചയാളാണ് ഞാൻ. അന്ന് മർദിച്ച പൊലീസുകാർക്കെതിരെ യു.ഡി.എഫ് സർക്കാർ പിന്നീട് നടപടിയെടുത്തിട്ടുണ്ടോ എന്നും ടി.പി. രാമകൃഷ്ണൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

