ക്ഷേമക്കാർഡ് V/S കുറ്റപത്രം; തെരഞ്ഞെടുപ്പ് ചൂട് ഹൈവോൾട്ടേജിൽ
text_fieldsതിരുവനന്തപുരം: തർക്കങ്ങളിലും വിട്ടുവീഴ്ചകളിലും ഇളകിമറിഞ്ഞ സീറ്റുവിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെ അധികാരത്തിനായുള്ള തന്ത്രങ്ങളും പടയൊരുക്കങ്ങളുമായി സംസ്ഥാന രാഷ്ട്രീയം ചൂടുപിടിക്കുന്നു. കോട്ടകൾ കാക്കാനും എതിർചേരിയിൽ കടന്നുകയറാനും രാഷ്ട്രീയായുധങ്ങൾ മൂർച്ചകൂട്ടുകയാണ് മുന്നണികൾ. സസ്പെൻസ് നിറഞ്ഞ സ്ഥാനാർഥി പട്ടികകൂടി പുറത്തുവരുന്നതോടെ കേരളം തെരഞ്ഞെടുപ്പ് ചൂടിന്റെ പാരമ്യതയിലേക്ക് ചുവടുമാറും. മുഖ്യമന്ത്രി പിണറായി വിജയന്റെ നായകത്വത്തിൽ ക്ഷേമവും വികസനവും സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യവിതരണവുമടക്കം പിടിവള്ളിയാക്കിയാണ് മൂന്നാം ഇടതുസർക്കാറിന് എൽ.ഡി.എഫ് കോപ്പുകൂട്ടൽ. മറുഭാഗത്ത്, ശബരിമല സ്വർണക്കൊള്ളയും സാമ്പത്തിക തകർച്ചയും ആരോഗ്യമേഖലയിലെ ഗുരുതരാവസ്ഥയുമടക്കം സർക്കാറിനെതിരെ കുറ്റപത്രവുമായി അധികാരം തിരികെപിടിക്കാനാണ് യു.ഡി.എഫ് നീക്കങ്ങൾ.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ യു.ഡി.എഫിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ വിഷയങ്ങളും ബി.ജെ.പിയുടെ വോട്ടുവിഹിതവും സമുദായ സമവാക്യങ്ങളും അന്തിമഫലം നിശ്ചയിക്കുമെന്നതിനാൽ തലനാരിഴ കീറിയുള്ള തയാറെടുപ്പുകളിലാണ് മുന്നണികൾ. 2021ൽ ഇടതുമുന്നണി കൈവരിച്ച ചരിത്രപരമായ ഭരണത്തുടർച്ച കേരളത്തിൽ നിലനിന്ന മുന്നണികളുടെ മാറിമാറിയുള്ള ഭരണരീതിക്ക് അന്ത്യം കുറിച്ചിരുന്നു. എന്നാൽ, അഞ്ചുവർഷത്തിനുശേഷം ഭരണവിരുദ്ധ വികാരവും സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ ആരോപണങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ അൽപംകൂടി യാഥാർഥ്യബോധത്തോടെയാണ് എൽ.ഡി.എഫ് നീക്കങ്ങൾ. സർക്കാറിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ മൂന്ന് മേഖലകളിലായി വികസനമുന്നേറ്റ ജാഥകൾ മുന്നണിയുടെ തെരഞ്ഞെടുപ്പ് തയാറെടുപ്പുകളുടെ തുടക്കമായിരുന്നു. ഡി.എ ഗഡുക്കൾ പൂർണമായി അനുവദിച്ചതും ശമ്പള പരിഷ്കരണ കമീഷൻ പ്രഖ്യാപിച്ചതും അഷ്വേർഡ് പെൻഷനിലെ തീരുമാനവുമടക്കം സർക്കാർ ജീവനക്കാരെ കയിലെടുക്കാനുള്ള ഇടപെടലുകളാണെങ്കിൽ കോശി കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടതും പി.എസ്.സി പ്രായം ഉയർത്തിയതും കൃത്യമായ വോട്ടുനീക്കം തന്നെയാണ്.
അതേസമയം, 10 വർഷത്തെ കാത്തിരിപ്പിനുശേഷം അധികാരം തിരിച്ചുപിടിക്കുകയെന്നത് യു.ഡി.എഫിനെ സംബന്ധിച്ച് നിലനിൽപിന്റെ പ്രശ്നമാണ്. അതിനാൽ ജീവൻമരണ പോരാട്ടത്തിനാണ് മുന്നണി തുനിഞ്ഞിറങ്ങുന്നത്. തൃക്കാക്കര മുതൽ തദ്ദേശതെരഞ്ഞെടുപ്പിലെവരെ മിന്നും വിജയം യു.ഡി.എഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ‘പുതുയുഗ യാത്ര’ തെരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫിന്റെ പ്രധാന ചുവടുവെപ്പാണ്. സർക്കാറിന്റെ അഴിമതികൾ തുറന്നുകാട്ടുന്നതിലൂടെ മധ്യവർഗ വോട്ടർമാരെയും യുവാക്കളെയും സ്വാധീനിക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ശബരിമല മുൻനിർത്തി ഭൂരിപക്ഷ വോട്ടുകളിലും സമീപകാല സി.പി.എം നിലപാടുകൾ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വോട്ടുകളിലും സ്വാധീനമുറപ്പിക്കാനും കോൺഗ്രസ് ശ്രമിക്കുന്നു. തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുത്തതും തൃശൂർ ലോക്സഭ സീറ്റിലെ വിജയവും സൃഷ്ടിച്ച ആത്മ വിശ്വാസത്തിലാണ് എൻ.ഡി.എ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

