‘വീര്യ’ത്തോടെ പാസായി ധനബിൽ; ഇപ്പോൾ നടപ്പാവില്ല
text_fieldsതിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതടക്കം നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ധനബിൽ നിയസഭ പാസാക്കി. മദ്യനികുതിയുടെ കാര്യത്തിൽ സർക്കാർ വിജ്ഞാപനമിറക്കുന്ന ഘട്ടത്തിലേ പ്രാബല്യത്തിൽ വരൂവെന്ന വ്യവസ്ഥ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 0.5 മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും 10 മുതൽ 20 ശതമാനം വരെ വീര്യമുള്ളവക്ക് 175 ശതമാനവുമാണ് നികുതി. യു.ഡി.എഫ് മദ്യനയത്തിൽ വീര്യംകുറഞ്ഞ മദ്യം വിൽക്കാൻ തീരുമാനിച്ചാലേ ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കൂവെന്നും യു.ഡി.എഫ് വേണ്ടെന്ന് തീരുമാനിച്ചാൽ ഇവ വിൽക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ധനബില്ലിൽ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. ധനബിൽ പാസായതോടെ സ്വകാര്യ ബസുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ വന്നു. ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറഞ്ഞു. നിലവിലെ നികുതിയായ സീറ്റ് ഒന്നിന് 2000 രൂപ 900 രൂപയായും സ്ലീപ്പർ ഒന്നിന് നിലവിലെ 3000 രൂപ എന്നത് 1500 രൂപയായുമാണ് കുറഞ്ഞത്. ട്രെയിലർ വാഹനങ്ങളുടെ ത്രൈമാസ നികുതി ഏകീകരിച്ചു. 15 മുതൽ 20ടൺ വരെ ഭാരമുള്ള വാഹനങ്ങളുടെ നികുതി വാഹനങ്ങൾക്ക് 2550 രൂപയും പിന്നീടുള്ള ഓരോ 250 കിലോക്കും 130 രൂപ വീതവുമായിരുന്നു.
ഇലക്ട്രിക് വാഹനവിലയിൽ മാറ്റം
ധനബിൽ പാസായതോടെ വൈദ്യുതി വാഹനങ്ങളുടെ നികുതിയിലും മാറ്റം വന്നു. പത്ത് ലക്ഷം രൂപവരെ വിലയുള്ള വാഹഹനങ്ങൾക്ക് അഞ്ച് ശതമാനമായിരുന്നു നിലവിലെ നികുതി. ഇത് മൂന്ന് ശതമാനമായി കുറഞ്ഞു. 15 ലക്ഷം മുതൽ 20 ലക്ഷം രൂപവരെ വിലയുള്ളവയുടെ നികുതി എട്ടിൽ നിന്ന് അഞ്ച് ശതമാനമായി. അവയുടെ വിലയും കുറയും. 10 മുതൽ 15 ലക്ഷംവരെ വിലയുള്ളവക്ക് നികുതി വർധനയില്ല. അവയുടെ നികുതി അഞ്ച് ശതമാനമായി തുടരും. 20 മുതൽ 30 ലക്ഷം വരെയും 30 മുതൽ 40ലക്ഷം വരെയും വിലയുള്ള വാഹനങ്ങളുടെ നിരക്ക് പത്ത് ശതമാനമായി തുടരും. 40 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹന നികുതി നിലവിലെ 10ൽനിന്ന് 15 ശതമാനമാക്കി.
നികുതികുടിശ്ശിക ഇളവ്
ചെറുകിടക്കാരുടെ നികുതി കുടിശ്ശികയിൽ അരലക്ഷം മുതൽ രണ്ട് ലക്ഷം വരെയുള്ള കുടിശികയും അതിന്റെ പിഴയും പലിശയും അടക്കം ഒഴിവാക്കും. ജി.എസ്.ടി. സർചാർജ് ആക്ട്, വിൽപന നികുതി, ആഡംബര നികുതി, കാർഷികാദായ നികുതി, വാറ്റ്, കേന്ദ്ര വിൽപന നികുതി എന്നിവയുമായി ബന്ധപ്പെട്ട കുടിശികൾക്കാണ് ഇളവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

