Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവേശനോത്സവ പൊലിമയിൽ...

പ്രവേശനോത്സവ പൊലിമയിൽ സഭാതലം; ഇരിപ്പിടങ്ങളിലെ സ്ക്രീനിൽ ചിത്രംവെച്ചുള്ള സ്വാഗത പോസ്റ്റർ

text_fields
bookmark_border
പ്രവേശനോത്സവ പൊലിമയിൽ സഭാതലം; ഇരിപ്പിടങ്ങളിലെ സ്ക്രീനിൽ ചിത്രംവെച്ചുള്ള സ്വാഗത പോസ്റ്റർ
cancel

തിരുവനന്തപുരം: അക്ഷരാർഥത്തിൽ പ്രവേശനോത്സവത്തിന്‍റെ പൊലിവിലും ആവേശത്തിലുമായിരുന്നു സത്യപ്രതിജ്ഞ ദിനത്തിലെ നിയമസഭ. 140ൽ 71 പേരും പുതുമുഖങ്ങൾ. യു.ഡി.എഫിൽനിന്ന് 60 പേരും എൽ.ഡി.എഫിൽനിന്ന് എട്ടുപേരും ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളും നവാഗതരാണ്.

നിയമസഭയിൽ ആദ്യമാണെങ്കിലും ‘സഭാകമ്പ’മോ അപരിചിതത്വമോ ഇല്ലാതെയായിരുന്നു സാമാജികക്കുപ്പായത്തിലെ പുതുമുഖങ്ങളുടെ ആദ്യ ദിനം. അനുഭവ സമ്പന്നരായ പഴയമുഖങ്ങളാകട്ടെ കാരണവരുടെ റോളിലും. നാലുപാടും കാണികൾ നിറഞ്ഞ ക്രിക്കറ്റ് ഗാലറി പോലെ വൻ ജനപങ്കാളിത്തമാണ് നാല് സന്ദർശക ഗാലറിയിലുണ്ടായിരുന്നത്. അകത്ത് അക്ഷരമാല ക്രമത്തിൽ സത്യപ്രതിജ്ഞ പുരോഗമിക്കുമ്പോൾ പുറത്ത് ഗാലറിയിലേക്ക് കടക്കാൻ വൻ ജനപ്രവാഹം ഊഴം കാത്ത് നിൽക്കുകയായിരുന്നു. എം.എൽ.എമാരെ സഹായിക്കാൻ കവാടത്തിൽ ഹെൽപ്പ് ഡെസക് ഒരുക്കിയിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പമാണ് അധികപേരും സത്യപ്രതിജ്ഞക്ക് എത്തിയത്. രാവിലെ എട്ടോടെതന്നെ എം.എൽ.എമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

ഇരിപ്പിട സംവിധാനങ്ങൾ ഡിജിറ്റലായതിനാൽ ഇരിപ്പിടങ്ങളിലെ സ്ക്രീനിൽ ഓരോരുത്തരുടെയും ചിത്രം വെച്ചുള്ള സ്വാഗത പോസ്റ്ററാണ് എം.എൽ.എമാരെ കാത്തിരിക്കുന്നത്. നിയമസഭയിലേക്കുള്ള വരവ് വ്യത്യസ്തമാക്കിയത് ചാണ്ടി ഉമ്മനാണ്. സൈക്കിളിലാണെത്തിയത്.

ബി.ജെ.പി അംഗങ്ങളായ മൂന്നുപേരുമെത്തിയത് പ്രകടനമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, മാണി സി. കാപ്പൻ എന്നിവരാണ് സഭാതലത്തിലേക്ക് ആദ്യം കടന്നത്. പിന്നാലെ കാരായി രാജൻ. ഇപ്പോൾ വിരുദ്ധ ചേരികളിലാണെങ്കിലും ടി.കെ. ഗോവിന്ദനും കാരായി രാജനും തോളിൽ കൈയിട്ട് അൽപനേരം കുശല സംഭാഷണത്തിൽ. പിന്നാലെ യുവ എം.എൽ.എമാരടക്കം കൂടുതൽ പേർ സഭയിലേക്ക് കടന്നുവന്നു.

ഓരോരുത്തരുടെയും ഇരിപ്പിടത്തിലെ സ്ക്രീനിൽ ഫോട്ടോ ഉണ്ടായിരുന്നതിനാൽ സീറ്റ് കണ്ടെത്താൻ അധികം ആശയക്കുഴപ്പമുണ്ടായില്ല. ചിരിച്ചും കുശലം പറഞ്ഞുമായിരുന്നു പ്രവേശനം. മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയതോടെ മറ്റു എം.എൽ.എമാരെല്ലാം അദ്ദേഹത്തിന് ചുറ്റുമായി. എല്ലാവർക്കും ഹസ്തദാനം ചെയ്താണ് വി.ഡി. ഇരിപ്പിടത്തിലേക്കെത്തിയത്. ഇരിപ്പിടങ്ങൾക്കും മേശകൾക്കും ഇടയിലൂടെ അൽപനേരം നടന്ന് എം.എൽ.എമാർക്കെല്ലാം അഭിവാദ്യമാർപ്പിച്ചു.

ഇതിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെത്തി. വന്നയുടൻ ഇരിപ്പിടത്തിലേക്ക്. ഇതോടെ ഏതാണ്ട് എം.എൽ.എമാരെല്ലാം ഇരിപ്പിടങ്ങളിൽ നിറഞ്ഞിരുന്നു. ഉദ്യോഗസ്ഥർ മാത്രമല്ല, ഒപ്പമുണ്ടായിരുന്നവരും വൈകിയെത്തിയവരെ സഹായിച്ചു. കൃത്യം ഒമ്പതിന് പ്രോ ടെം സ്പീക്കർ ജി. സുധകരനുമെത്തിയതോടെ ചടങ്ങ് ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblyoath taking cermonyKerala
News Summary - Assembly hall shines in the grandeur of 'Praveshanolsavam' (admission festival); Welcome posters with images displayed on seat screens
Next Story