നിയമസഭാ തെരഞ്ഞെടുപ്പ്; തരംഗമോ തുടർച്ചയോ സ്ട്രോങ് റൂമിൽ ?
text_fieldsതിരുവനന്തപുരം: കുതിച്ചുയർന്ന പോളിങ്ങിൽ സാധ്യതകളുടെ നൂലിഴ കീറിയും വോട്ടുഗതിയുടെ രാഷ്ട്രീയം ചികഞ്ഞും സാധ്യത പരിശോധിക്കുമ്പോഴും പ്രവചനാതീത ജനവിധിയുടെ മുൾമുനയിൽ മുന്നണികൾ. വർധിച്ച വോട്ടുകൾ ഭരണത്തുടർച്ചക്കോ ഭരണമാറ്റത്തിനോ എന്ന ചോദ്യത്തിന് കാരണങ്ങളും കണക്കു പട്ടികയും നിരത്തുകയാണ് രാഷ്ട്രീയ ക്യാമ്പുകൾ. വോട്ടെണ്ണൽ ദിനത്തിലേക്കുള്ള നെഞ്ചിടിപ്പേറിയ കാത്തിരിപ്പിനൊപ്പം മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള കണക്കെടുപ്പുകളുടെ ദിവസങ്ങൾ കൂടിയാണ് ഇനിയുള്ളത്. എസ്.ഐ.ആറിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനമുയർന്നതിൽ സാങ്കേതികമായ വിശകലനങ്ങളുണ്ടെങ്കിലും ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ 2021നെ അപേക്ഷിച്ച് വർധനയുണ്ടായി എന്നത് വസ്തുതയാണ്. വോട്ട് രേഖപ്പെടുത്തിയവരുടെ പങ്കാളിത്തത്തെയാണ് വർധന സൂചിപ്പിക്കുന്നത്. ഈ പങ്കാളിത്തം രാഷ്ട്രീയ സുനാമിയാകുമോ എന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്.
പോളിങ്ങിലെ വർധന അനുകൂല തരംഗമായി വിലയിരുത്തി അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് യു.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിന് സമാനം ഏകപക്ഷീയ വിധിയെഴുത്തെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തുമെന്നാണ് ഇടത് പ്രതീക്ഷ. സിറ്റിങ് സീറ്റുകളിൽ ചിലത് കൈവിട്ടാലും പുതിയവ കൂടി ചേർത്ത് 45ന് അടുത്ത് എത്താമെന്നാണ് സി.പി.എം പ്രതീക്ഷ. ശേഷിക്കുന്നവ ഘടകകക്ഷികൾ പിടിച്ചാൽ ചരിത്രപരമായ ഭരണത്തുടർച്ചയിലേക്ക് കാലൂന്നാമെന്നതാണ് ആത്മവിശ്വാസം.
അതേ സമയം, ‘തരംഗ’മെന്ന് യു.ഡി.എഫ് നേതാക്കൾ ബോധപൂർവം ആവർത്തിക്കുമ്പോഴും അത്തരമൊരു പ്രയോഗം നാക്കുപിഴയായിപോലും ഇടതുനേതാക്കളിൽ നിന്നുണ്ടാകുന്നില്ലെന്നത് ശ്രദ്ധേയം. 20 ശതമാനത്തിലേക്ക് വോട്ടുവിഹിതം ഉയർത്താനിറങ്ങിയ ബി.ജെ.പിയെ സംബന്ധിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ 12.47 ലേക്ക് തലകുത്തി വീണതിന്‍റെ പരിക്ക് ഇക്കുറി തീർക്കണം. ഇതിനിടെ പ്രചാരണത്തിന്‍റെ ഒന്നാം ദിനം മുതൽ യു.ഡി.എഫ് ഉയർത്തിയ ഡീൽ ആരോപണങ്ങളുടെ നിജസ്ഥിതിക്കും വോട്ടെണ്ണൽ നിർണായകം. ചുരുക്കം ദിവസങ്ങളാണ് പ്രചാരണത്തിന് ലഭിച്ചതെങ്കിലും അത് പരാമാവധി പ്രയോജനപ്പെടുത്താനായി എന്നാണ് മുന്നണികളുടെ പൊതുവിലയിരുത്തൽ.
വോട്ടുറപ്പിക്കാൻ 24 ദിവസത്തോളം നിലം തൊടാതെയുള്ള ഓട്ടം തീർന്നതിന്‍റെ ആശ്വാസത്തിലാണ് സ്ഥാനാർഥികൾ. ജനവിധിയെ കുറിച്ചുള്ള ഭയവും നെഞ്ചിടിപ്പുമുണ്ടെങ്കിലും അതൊന്നും ബാധിച്ചില്ലെന്ന നിലക്കായിരുന്നു പലരും. കയ്യുയർത്തി ചിരിച്ച് നിൽക്കുന്ന ‘നന്ദി’ പോസ്റ്റർ വ്യാഴാഴ്ച രാത്രി തന്നെ ഒട്ടുമിക്ക സ്ഥാനാർഥികളും സാമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
കേരളം ആരു ഭരിക്കുമെന്നറിയാൻ ശേഷിക്കുന്നത് 22 ദിനങ്ങൾ. ഇക്കാലയളവിൽ കാര്യമായ അധികാരങ്ങളില്ലെങ്കിലും കാവൽ സർക്കാറായി ഇടതുപക്ഷം തുടരും. വോട്ടെണ്ണുന്ന മെയ് നാല് കഴിഞ്ഞ് മെയ് ആറിനേ മാതൃകാ പെരുമാറ്റച്ചട്ടം നീങ്ങൂ. അതുവരെ നിയന്ത്രങ്ങളുണ്ടാകും. വോട്ടെടുപ്പ് കഴിഞ്ഞതിനാൽ പരിമിതമായ ഇളവുകൾ ലഭിക്കും. എങ്കിലും സുപ്രധാന തീരുമാനങ്ങൾക്കും ഫയൽ നീക്കങ്ങൾക്കുമെല്ലാം കമീഷന്‍റെ അനുമതി വേണം. മേയ് 23 വരെയാണ് ഈ സർക്കാരിന്റെ കാലാവധി.
തെരഞ്ഞെടുപ്പ് കമീഷന്‍റെ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 78.27 ശതമാനമാനമാണ് സംസ്ഥാത്തെ പോളിങ്. ആകെ 2,71,42,952 വോട്ടർമാരിൽ 2,12,44,788 പേർ വോട്ട് രേഖപ്പെടുത്തി. 140ൽ 113 മണ്ഡലങ്ങളിലും 2021നെ അപേക്ഷിച്ച് പോളിങ് വർധിച്ചു. സർവിസ്, തപാൽ വോട്ടുകൾ കൂടി ചേർത്ത് അന്തിമ കണക്ക് വരുമ്പോൾ പോളിങ് വർധിച്ച മണ്ഡലങ്ങൾ ഇനിയും ഉയരും. 14ൽ 13 ജില്ലകളിലും മുൻതവണത്തെ അപേക്ഷിച്ച് പോളിങ് വർധിച്ചപ്പോൾ കണ്ണൂരിൽ മാത്രമാണ് കുറഞ്ഞത്.സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ആകെ സ്ത്രീവോട്ടർമാരിൽ 81.19 ശതമാനവും ഇത്തവണ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരുടെ പോളിങ് 75.19 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

