Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഇത് ഒരു നിയോഗമാണ്!...

'ഇത് ഒരു നിയോഗമാണ്! പാർട്ടിയിലെ ഏകാധിപത്യത്തിനെതിരെ പ്രതികരിക്കുന്ന പുത്തൻ സമൂഹത്തെ രൂപപ്പെടുത്താനുള്ള നിയോഗം'; പയ്യന്നൂരിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് വി. കുഞ്ഞികൃഷ്ണൻ

text_fields
bookmark_border
ഇത് ഒരു നിയോഗമാണ്! പാർട്ടിയിലെ ഏകാധിപത്യത്തിനെതിരെ പ്രതികരിക്കുന്ന പുത്തൻ സമൂഹത്തെ രൂപപ്പെടുത്താനുള്ള നിയോഗം; പയ്യന്നൂരിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് വി. കുഞ്ഞികൃഷ്ണൻ
cancel

കണ്ണൂർ: പയ്യന്നൂരിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് വി. കുഞ്ഞികൃഷ്ണൻ. തെരഞ്ഞെടുപ്പിൽ തന്നെ ജയിപ്പിച്ച ജനങ്ങൾക്ക് ഫേസ്ബുക്കിലൂടെയാണ് വി. കുഞ്ഞികൃഷ്ണൻ നന്ദി അറിയിച്ചത്. അഴിമതിക്കെതിരായ നീതിക്ക് വേണ്ടി പോരാട്ടത്തിൽ ഒപ്പം നിന്ന പയ്യന്നൂരിലെ എല്ലാ ജനാധിപത്യ വിശ്വാസികൾക്കും നന്ദി അറിയിക്കുന്നുവെന്നും പാർട്ടിയിലെ ഏകാധിപത്യത്തിനെതിരെ പ്രതികരിക്കുന്ന പുതിയ സമൂഹത്തെ രൂപപ്പെടുത്താനുള്ള നിയോഗമാണ് തന്റെതെന്നും അദ്ദേഹം കൂട്ടിചേർത്തു.

വി. കുഞ്ഞികൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്

അഴിമതിക്കെതിരായ സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എനിക്കൊപ്പം നിന്ന പയ്യന്നൂരിലെ എല്ലാ നല്ലവരായ ജനാധിപത്യ വിശ്വാസികൾക്കും നന്ദി. ഈ ചരിത്ര ഭൂമിയുടെ അന്തസ്സും അഭിമാനവും കാക്കാൻ തീർച്ചയായും നിങ്ങളെന്റെ കൂടെ ഉണ്ടാകുമെന്ന വിശ്വാസം എല്ലാ ഘട്ടത്തിലും എനിക്കുണ്ടായിരുന്നു. അത് സത്യമായിരിക്കുന്നു, യാഥാർഥ്യമായിരിക്കുന്നു. പയ്യന്നൂരിൽ നിന്ന് കൊണ്ട് ഞങ്ങൾ 'ചെറിയ വലിയ കൂട്ടം' മനുഷ്യർ തുടങ്ങി വച്ചത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ വിജയിക്കാനോ വേണ്ടിയുള്ളൊരു പോരാട്ടമായിരുന്നില്ല. മറിച്ച്, ഞങ്ങൾ നിരന്തരം പറയും പോലെ അഴിമതിക്കെതിരായ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമായിരുന്നു. അഴിമതിക്കാർക്കെതിരായ ഞങ്ങളുടെ ശക്തമായ പ്രതിഷേധമായിരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി ആരോപണ വിധേയനായ അഴിമതിക്കാരനെ പയ്യന്നൂരിൽ പാർട്ടി മത്സരിപ്പിച്ചില്ലായിരുന്നു എങ്കിൽ ഞാൻ ഒരിക്കലും ഇത്തരമൊരു തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമേ ആവുകയില്ലായിരുന്നു. ഇന്നാട്ടിലെ ജനാധിപത്യ വിശ്വാസികളെ, യഥാർഥ കമ്യൂണിസ്റ്റുകളെ വെല്ലുവിളിച്ച്, അഴിമതിക്കാരെ സംരക്ഷിക്കുകയും അഴിമതിക്ക് കൂട്ട് നിൽക്കുകയും ചെയ്യുന്നൊരു നീക്കത്തിലേക്ക് പാർട്ടി നീങ്ങിയത് കൊണ്ട് മാത്രമാണ് പയ്യന്നൂർ ഈ വിധം ചർച്ചകളിൽ ഇടം പിടിച്ചതും, ഇന്നാടിന്റെ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിക്കൊണ്ട് ഇവിടെ ഇത്തരമൊരു ജനവിധി ഉണ്ടായതും.

ഇത് ഒരുപക്ഷേ ഒരു നിയോഗമായിരിക്കാം. പയ്യന്നൂരിലെ പാർട്ടിയിൽ കാലങ്ങളായി നിലനിന്ന് പോരുന്ന ഏകാധിപത്യത്തിനും അക്രമ രാഷ്ട്രീയത്തിനും റിയൽ എസ്റ്റേറ്റ്-മാഫിയ വത്കരണത്തിനുമെതിരെ പ്രതികരിക്കുന്നൊരു പുത്തൻ സമൂഹത്തെ ഉണ്ടാക്കി എടുക്കാനുള്ള നിയോഗം! ആ നിയോഗത്തിന് നിങ്ങളുടെ പിന്തുണയോടെ ഞങ്ങൾ തുടക്കം കുറിക്കുകയാണ്.

ഒരൊറ്റ വാക്ക് മാത്രമേ എനിക്ക് നിങ്ങൾക്ക് നൽകാനുള്ളൂ. സത്യത്തിനൊപ്പം അടിയുറച്ചു നിൽക്കുന്ന, നിങ്ങളിൽ ഒരാളായി എന്നും കൂടെ നിൽക്കുന്ന, ഏത് സമയത്തും നിങ്ങൾക്ക് ആശ്രയിക്കാവുന്നൊരു ജനപ്രതിനിധിയായി ഞാൻ എന്നും നിങ്ങൾക്കൊപ്പമുണ്ടാകും. ജനാധിപത്യമെന്നാൽ ഒരാളെ എതിർക്കാൻ കൂടിയുള്ള അവകാശമാണെന്ന ബോധ്യമുള്ളൊരാൾ എന്ന നിലയിൽ, എനിക്കൊപ്പം നിന്ന എല്ലാവരോടുമുള്ള സ്നേഹത്തിനും നന്ദിക്കുമൊപ്പം, എന്നെ എതിർത്തവരോടും എന്നോട് വിയോജിച്ചവരോടുമുള്ള സ്നേഹവുമറിയിക്കുന്നു.

പോരാട്ടം അവസാനിക്കുന്നില്ലെന്ന് മാത്രമല്ല, നിങ്ങളുടെ പിന്തുണയോടെ ഞങ്ങളതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്...!

വി കുഞ്ഞികൃഷ്ണൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postUDFLDFKerala Assembly Election 2026Assembly Elections 2026
News Summary - 'This is a mission! A mission to form a new society that responds to the dictatorship in the party'; V. Kunhikrishnan thanks the people of Payyannur
Next Story