നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസ് കോട്ട കാക്കാൻ നാലാമതും അൻവർ സാദത്ത്
text_fieldsഅൻവർ സാദത്ത്
ആലുവ: കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ഉറച്ച കോട്ടയായി അറിയപ്പെടുന്ന ആലുവ കാക്കാൻ ഇക്കുറിയും അൻവർ സാദത്ത്. 20 വർഷങ്ങൾക്ക് മുൻപ് ഇടതുപക്ഷം തട്ടിയെടുത്ത ആലുവയെ കന്നിപോരാട്ടത്തിൽ തന്നെ തിരിച്ചുപിടിച്ച് തുടർച്ചയായി വിജയിച്ച് വരുന്ന അൻവർ സാദത്തിനെ തന്നെയാണ് കോട്ട കാക്കാൻ നാലാമതും പാർട്ടിയും മുന്നണിയും ചുമതലപ്പെടുത്തിയിരിക്കുന്നത്.
2011ൽ സിറ്റിങ് എം.എൽ.എയും ജനകീയനുമായിരുന്ന സി.പി.എമ്മിലെ എ.എം. യൂസഫിനെ അട്ടിമറിച്ചാണ് സാദത്ത് ആദ്യമായി എം.എൽ.എയായത്. രണ്ട് തവണയാണ് ഇവിടെ ഇടതുപക്ഷം വിജയിച്ചിട്ടുള്ളത്. 1967ൽ എം.കെ.എ ഹമീദാണ് ഇടത് സ്വതന്ത്രനായി ജയിച്ചത്. 2006ൽ എ.എം.യൂസഫാണ് സി.പി.എമ്മിന് ചരിത്ര വിജയം നൽകിയത്. തുടർച്ചയായ ഏഴാം തവണ തെരഞ്ഞെടുപ്പിനെ നേരിട്ട, അതുവരെ തോൽവിയെന്തെന്നറിഞ്ഞിട്ടില്ലാത്ത കെ.മുഹമ്മദാലിയെയാണ് അദ്ദേഹം മലർത്തിയടിച്ചത്.
കോൺഗ്രസിൻറെ കുത്തക അവസാനിപ്പിക്കാനായത് ഇടതിന്, പ്രത്യേകിച്ച് സി.പി.എമ്മിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്. അതോടെ മണ്ഡലം തങ്ങൾക്ക് സ്വന്താമായെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ, 2011ൽ മണ്ഡലത്തിൻറെ ഘടനയിൽ മാറ്റം വന്നപോലെ തെരഞ്ഞെടുപ്പ് ഫലത്തിലും മാറ്റം വന്നു. എ ഗ്രൂപ്പിൻറെ കുത്തക മണ്ഡലമായിരുന്ന ആലുവയുടെ ഘടന മറൂകയും ഗ്രൂപ്പിൽ തന്നെ ഭിന്നത ഉടലെടുക്കുകയും ചെയ്തതോടെ 2011ൽ മണ്ഡലം ഐ ഗ്രൂപ്പ് കൊണ്ടുപോയി. രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയായ അൻവർ സാദത്തിന് അപ്രതീക്ഷിതമായി നറുക്ക് വീഴുകയായിരുന്നു.
ജില്ല പഞ്ചായത്ത് അംഗമായിരുന്ന അദ്ദേഹം സീറ്റിനായി ശ്രമം നടത്തിയിരുന്നെങ്കിലും പ്രമുഖരും തലമുതിർന്നവരുമായ പലരും രംഗത്തുണ്ടായിരുന്നതിനാൽ സാദത്ത് പരിഗണിക്കപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. അതിനാൽതന്നെ സീറ്റ് കോൺഗ്രസിന് തിരിച്ചുപിടിക്കാൻ കഴിയില്ലെന്നും പലരും കരുതി. പാർട്ടിക്കകത്തുള്ളവർ പോലും വോട്ടെണ്ണലിൻറെ അവസാന നിമിഷംവരെ സാദത്തിനെകൊണ്ട് മണ്ഡലം തിരിച്ച് പിടിക്കാൻ കഴിയില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഏവരേയും ഞെട്ടിച്ച് വൻ ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിച്ചു.
13,214 ആയിരുന്നു സാദത്തിൻറെ ഭൂരിപക്ഷം. 2016ലെ തെരഞ്ഞെടുപ്പിലും സാദത്ത് വിജയം ആവർത്തിച്ചു. സി.പി.എം ഏരിയ സെക്രട്ടറിയായിരുന്ന അഡ്വ.വി.സലീമിനെയാണ് അദ്ദേഹം ശക്തമായ മത്സരത്തിൽ പരാജയപ്പെടുത്തിയത്. ഐ ഗ്രൂപ്പുകാരനും ചെന്നിത്തലയുടെ വിശ്വസ്ഥനുമാണെങ്കിലും സാദത്ത് ആലുവയിലെ മുതിർന്ന എ ഗ്രൂപ്പ് നേതാകളോടുപോലും വളരെ അടുപ്പം കാത്തുസൂക്ഷിച്ചതും അദ്ദേഹത്തിന് ഗുണം ചെയ്തതായാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. കഴിഞ്ഞ തവണ ഇടത് തരംഗത്തിലും ആലുവ തകർന്നില്ല. അതിനാൽ തന്നെ അൻവർ സാദത്തിനെ നേതൃത്വത്തിന് താല്പര്യമുണ്ടാകുമാകയായിരുന്നു.
എൽ.ഡി.എഫ് ശക്തമായ മത്സരം കാഴ്ച്ചവെച്ചിട്ടും നിലവിലെ എം.എൽ.എ കൂടിയായിരുന്ന അൻവർ സാദത്ത് വൻ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണയും വിജയിച്ചത്. സംസ്ഥാനത്ത് എൽ.ഡി.എഫിന് അനുകൂലമായ തരംഗം ഉണ്ടായിട്ടും ആലുവ നിലനിർത്താനായത് യു.ഡി.എഫിന് ഇരട്ടി മധുരമായി. പ്രചാരണത്തിലുടനീളം ഇഞ്ചോടിഞ്ച് മത്സരിച്ച് നിന്നെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ ദയനീയമായ പരാജയം ഏറ്റുവാങ്ങാനായിരുന്നു ഇടതുപക്ഷത്തിൻറെ വിധി.
2021ൽ അൻവർ സാദത്ത് 73703 വോട്ടുകളാണ് നേടിയത്. 2016ൽ അദ്ദേഹത്തിന് 69,568 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഇടത് സ്ഥാനാർഥി ഷെൽന നിഷാദ് 54817 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർഥി എം എൻ ഗോപി 15893വോട്ടുകൾ നേടി. 18886 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അൻവർ സാദത്ത് വിജയിച്ചത്. അൻവർ സാദത്തിന് വിജയം ആവർത്തിക്കാൻ കഴിഞ്ഞത് എം.എൽ.എയെന്ന നിലയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് കണക്കാക്കപ്പെട്ടത്. ജനപ്രിയ പദ്ധതികളും, മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനവുമാണ്് അൻവർ സാദത്തിന് തുണയായതെന്ന് പാർട്ടിയും മുന്നണിയും വിലയിരുത്തുന്നു.
പുതുതലമുറയെ കയ്യിലെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നതിൻറെ സൂചനയും വിജയത്തിൽ തെളിഞ്ഞിരുന്നു. ജില്ല പഞ്ചായത്ത് അംഗമായിരിക്കെ 2011ലാണ് അൻവർസാദത്ത് ആലുവയിൽ ആദ്യമായി മത്സരിച്ച് വിജയിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ പോലും കൈയ്യിലെടുക്കുന്ന രീതിയിലുള്ള പ്രവർത്തനവും അൻവർസാദത്തിന് തുണയാവുകയായിരുന്നു.
1975 ഫെബ്രുവരി 18ന് പറമ്പയത്ത് ഊലിക്കര വീട്ടിൽ പരേതനായ അബ്ദുൽ സത്താർ, ആയിഷ ബീവി എന്നിവരുടെ മകനായാണ് സാദത്തിന്റെ ജനനം. വിദ്യാർഥി രാഷ്ട്രീയം വഴി പൊതു രംഗത്തേക്കെത്തി. കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ്, ആലുവ താലൂക്ക് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ആലുവ വിദ്യാഭ്യാസ ജില്ല സ്കൂൾ ലീഡറായും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് യൂത്ത് കോൺഗ്രസിലേക്കെത്തിയ അദ്ദേഹം ബ്ലോക്ക് സെക്രട്ടറി, ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്, വാർഡ് പ്രസിഡന്റ്, ഡി.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിലവിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമാണ്.
2005-2010 കാലയളവിൽ ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന അൻവർ സാദത്ത് 2010ൽ ജില്ല പഞ്ചായത്ത് അംഗമായി. ഇതിനിടയിലാണ് 2011ൽ ആദ്യമായി ആലുവയിൽ നിന്നും എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2016, 2021 തെരഞ്ഞെടുപ്പുകളിലും കൂടുതൽ ഭൂരിപക്ഷത്തോടെ അദ്ദേഹത്തിന് വിജയം ആവർത്തിക്കാനായി. 2016 - 2021 നിയമസഭയിലെ കോൺഗ്രസ് പാർട്ടി വിപ്പും 2021-2026 കാലഘട്ടത്തിൽ കോൺഗ്രസ് ചീഫ് വിപ്പുമായിരുന്നു. 2021-2026 കാലയളവിൽ യു.ഡി.എഫ് സ്ഥാനാർഥിയായി നിയമസഭ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. സബീനയാണ് ഭാര്യ. സിമി ഫാത്തിമ (പേൾ അക്കാദമിയിലെ ഫാഷൻ കമ്മ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർഥിനി), സഫ ഫാത്തിമ (ആലുവ വിദ്യാധിരാജ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി) എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

