നിയമസഭ തെരഞ്ഞെടുപ്പ്: 6500 പോളിങ് സ്റ്റേഷനുകൾ വർധിക്കും
text_fieldsതിരുവനന്തപുരം: ഒരു പോളിങ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തുന്നതുവഴി സംസ്ഥാനത്ത് 6500ഓളം പുതിയ പോളിങ് സ്റ്റേഷനുകൾ നിലവിൽവരുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ. തെരഞ്ഞെടുപ്പ് കമീഷന്റെ പരിഷ്കാര നടപടികൾ മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 1500 വോട്ടർമാരെ വരെയാണ് ഒരു ബൂത്ത് പരിധിയിൽ ഉൾപ്പെടുത്തുന്നത്. 1200 ആയി നിജപ്പെടുത്തുന്ന തീരുമാനം അടുത്ത നിയമസഭ തെരഞ്ഞെടുപ്പോടെ, കേരളത്തിലും നടപ്പാക്കും. മാറ്റത്തിന്റെ ഭാഗമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 59 പുതിയ പോളിങ് ബൂത്തുകൾ അനുവദിച്ചിട്ടുണ്ട്. ഇതുവഴി നിലമ്പൂരിൽ മൊത്തം പോളിങ് ബൂത്തുകളുടെ എണ്ണം 204ൽനിന്ന് 263 ആയി വർധിക്കും.
അടുത്ത തെരഞ്ഞെടുപ്പോടെ, പോളിങ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ സൂക്ഷിക്കാൻ സൗകര്യം നിലവിൽ വരുമെന്ന് കമീഷന്റെ മീഡിയ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി. പവൻ പറഞ്ഞു. സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോണുകൾ ടോക്കൺ നൽകി വാങ്ങി സൂക്ഷിക്കും. വോട്ട് ചെയ്ത് മടങ്ങുമ്പോൾ തിരികെ നൽകും.
നിലവിൽ പോളിങ് ബൂത്തുകളുടെ 100 മീറ്റർ പരിധിയിൽ മൊബൈൽ ഫോൺ അനുവദനീയമല്ല. തെരഞ്ഞെടുപ്പ് ദിവസം രാഷ്ട്രീയ പാർട്ടികൾ ക്രമീകരിക്കുന്ന ബൂത്തുകളുടെ ദൂരപരിധി 100 മീറ്ററായി കുറച്ചിട്ടുണ്ട്. വോട്ടർ സ്ലിപ്പുകൾ കൂടുതൽ സമ്മതിദായക സൗഹൃദമാക്കും. വോട്ടർ കാർഡ് നമ്പർ ഇരട്ടിപ്പ് പ്രശ്നം പരിഹരിക്കാൻ ഓരോരുത്തർക്കും പ്രത്യേക നമ്പറുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകാൻ നടപടി ആരംഭിച്ചു. കൂടുതൽ വോട്ടർമാർ താമസിക്കുന്ന ബഹുനില കെട്ടിടങ്ങളിൽ പോളിങ് സ്റ്റേഷനുകളാക്കാൻ പറ്റുന്നവ കണ്ടെത്താൻ കലക്ടർമാർക്ക് നിർദേശം നൽകി. തെരഞ്ഞെടുപ്പ് നടപടികളിൽ കമീഷൻ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നടപ്പാക്കും. തെരഞ്ഞെടുപ്പ് നടപടികളിൽ കമീഷൻ കൊണ്ടുവരുന്ന 23 ഇനം പരിഷ്കാരങ്ങൾ പി. പവൻ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

