നിയമസഭ തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കം തുടങ്ങി കലക്ടർമാരുടെ യോഗം വിളിച്ചുചേർത്തു
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കമീഷൻ. ഇതിന്റെ ഭാഗമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ ജില്ല കലക്ടർമാരുടെ യോഗം വിളിച്ചുചേർത്തു. ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരായ കലക്ടർമാരാണ് ഓരോ ജില്ലയിലും നടപടികൾക്ക് നേതൃത്വം നൽകുന്നത്. പെരുമാറ്റച്ചട്ടം, മീഡിയ വിഭാഗം എന്നിവയുടെ ചുമതലയുള്ള പി.ബി. നൂഹ്, ധനവിനിയോഗം-ഐ.ടി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ജെറോമിക് ജോർജ് എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
വോട്ടെടുപ്പ് സുതാര്യവും കാര്യക്ഷമവുമാക്കാൻ ആവശ്യമായ ആധുനിക സാങ്കേതിക സജ്ജീകരണങ്ങൾ യോഗം വിശദമായി വിലയിരുത്തി. പോളിങ് ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ ഇടപെടലുകൾ നടത്താൻ കലക്ടർമാർക്ക് നിർദേശം നൽകി. ഇവർ അതാത് ജില്ലകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.
പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചായിരിക്കും ഇത്തവണ തെരഞ്ഞെടുപ്പ് നടപടികൾ. ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാൻ ആവശ്യമായ ക്രമീകരണങ്ങൾ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഉറപ്പാക്കും. ഇതിനുപുറമെ വനിതാ കേന്ദ്രീകൃത പോളിങ് സ്റ്റേഷനുകൾ, മാതൃകാ പോളിങ് സ്റ്റേഷനുകൾ എന്നിവയെക്കുറിച്ച വിവരങ്ങൾ വോട്ടർമാർക്ക് ലഭ്യമാക്കും. തെരഞ്ഞെടുപ്പിൽ അനധികൃത പണമിടപാടുകൾ തടയാനും കൃത്രിമമായ സ്വാധീനങ്ങൾ ഒഴിവാക്കാനും കർശന നിരീക്ഷണമുണ്ടാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വാർത്തകളും ദൃശ്യങ്ങളും തടയാൻ രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
1.58 ലക്ഷം പേർകൂടി വോട്ടർ പട്ടികയിലേക്ക്, ആകെ വോട്ടർമാർ
2.71 കോടി 73,609 അപേക്ഷകൾ കൂടി പരിഗണനയിൽ
തിരുവനന്തപുരം: എസ്.ഐ.ആർ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചശേഷം 1.58 ലക്ഷം പേർ കൂടി വോട്ടർ പട്ടികയുടെ ഭാഗമാകന്നു. എസ്ഐ.ആർ പട്ടികയിലെ 2.69 കോടിയും പുതിയ1.58 ലക്ഷവും കൂടി ചേരുന്നതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2.71 കോടിയായി ഉയരും. അതേസമയം, ഈ 1.58 ലക്ഷം പേർക്ക് എസ്.ഐ.ആർ വെയിറ്റേജ് ഉണ്ടാകില്ല. ഇവരെ അനുബന്ധ പട്ടികയിലാണ് ഉൾപ്പെടുത്തുക. ഇതിനുപുറമെ 73,609 പേരുടെ അപേക്ഷകൾ കൂടി കമീഷന്റെ പരിഗണനയിലാണ്. ഇതിലെ സൂക്ഷ്മപരിശോധന തുടങ്ങിയിട്ടില്ല. നോമിനേഷന്റെ അവസാന ദിവസം വരെ പട്ടികയിൽ പേര് ചേർക്കാമെന്നതിനാൽ വോട്ടർമാരുടെ എണ്ണം ഇനിയും ഉയരും.
2025 ഒക്ടോബറിൽ എസ്.ഐ.ആർ നടപടികൾ ആരംഭിക്കുമ്പോൾ 2.78 കോടി വോട്ടർമാരാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഈ 2.78 കോടിയിൽ കണ്ടെത്താനാകാത്തവരെന്ന് കണക്കാക്കി 24.08 ലക്ഷം പേരെ ഒഴിവാക്കി കരട് പട്ടിക തയാറാക്കിയപ്പോൾ വോട്ടർമാർ 2.54 കോടിയായി (2,54,42,352) ചുരുങ്ങി. ഇതിൽതന്നെ 2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പോരോ അവരുടെ രക്ഷിതാക്കളുടെ പേരോ ഇല്ലാത്തവരായി 19.32 ലക്ഷം പേരുണ്ടായിരുന്നു. പേരിലെ പൊരുത്തക്കേടുകൾ മൂലം സംശയനിഴലിലായവർ 17.56 ലക്ഷവും. കരട് പട്ടികയിലുൾപ്പെട്ട ഇവരിൽ മരിച്ചവരും വിദേശപൗരത്വം സ്വീകരിച്ചവരും താമസം മാറിപ്പോയവരുമടക്കം 53,229 പേരെ അനർഹരെന്നു കണക്കാക്കി ഒഴിവാക്കിയോടെ എസ്.ഐ.ആർ പട്ടിക 2.53 കോടിയായി ചുരുങ്ങി. അതേ സമയം, എസ്.ഐ.ആർ കാലയവളവിൽ പുതുതായി അപേക്ഷ നൽകിയ 15 ലക്ഷം പേരെകൂടി ഉൾപ്പെട്ടതോടെയാണ് ആകെ വോട്ടർമാർ 2.69 കോടിയായി ഉയർന്നത്. ഇതിലാണ് 1.58 ലക്ഷത്തിന്റെ വർധനവ് കൂടിയുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

