നിയമസഭ തെരഞ്ഞെടുപ്പ്: 79.63 ശതമാനം പോളിങ്
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 79.63 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ. ഇ.വി.എമ്മും തപാലും ചേർത്ത് ഇത്രയും പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രിസൈഡിങ്ങ് ഓഫിസർ രേഖപ്പെടുത്തിയ കണക്കാണിത്. എന്നാൽ, ഹോം, സർവിസ് വോട്ടുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. അന്തിമ കണക്ക് മാറുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പോളിങ് കണക്കുകൾ പാർട്ടികൾക്ക് നൽകി. അന്തിമ കണക്ക് വന്നതിന് ശേഷം ഇൻഡക്സ് കാർഡ് പുറത്തിറക്കും. അതേസമയം, തപാൽ വോട്ട് ഇന്നലെ വരെ മുതിർന്ന പൗരൻമാർ 96.3 ശതമാനവും ഭിന്നശേഷിക്കാർ 97.71 ശതമാനവും ആവശ്യ സർവിസ് 94.24 ശതമാനവും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ 96.37 ശതമാനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുരുഷന്മാർ 75.19 ശതമാനവും സ്ത്രീകൾ 81.19 ശതമാനവും ട്രാൻസ്ജെൻഡർ 56.04 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, പ്രതിപക്ഷ നേതാവിന്റെ കത്തിലും രത്തൻ യു. കേൽക്കർ പ്രതികരിച്ചു. തപാൽ വോട്ട് കണക്ക് കൃത്യതക്ക് വേണ്ടിയാണ് സമയമെടുത്തത്. സാധാരണ വൈകൽ മാത്രമാണ് ഉണ്ടായത്. മൂന്ന് ദിവസം മാത്രമാണ് എടുത്തതെന്നും എല്ലാ ഘട്ടങ്ങളിലും പാർട്ടികൾക്ക് പങ്കാളിത്തമുണ്ടെന്നും രത്തൻ യു. കേൽക്കർ പറഞ്ഞു. ഒരു ആശയക്കുഴപ്പവും വേണ്ട. എല്ലാം സുതാര്യമാണ്. എല്ലാ പാർട്ടികൾക്കും ബൂത്തിലെ കണക്കുണ്ട്. തപാൽ വോട്ട് എടുത്തതും പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ട് ചെയ്യാനായില്ലെന്ന് പരാതിയുണ്ടെങ്കിൽ നിയമ നടപടിയെടുക്കണമെന്നും രത്തൻ യു. കേൽക്കർ പറഞ്ഞു. ആർ.ഒമാർക്ക് പരാതി കൊടുക്കണം. കമീഷൻ ആരുടെയും വോട്ട് നിഷേധിച്ചിട്ടില്ല. എസ്.ഐ.ആർ നടത്തിയതിന്റെ ഗുണം ഉണ്ടാകുമെന്നും രത്തൻ യു. കേൽക്കർ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള അന്തിമ പോളിങ് കണക്കുകളോ വോട്ട് ശതമാനമോ പോസ്റ്റൽ വോട്ടിങ് നിലയോ വെബ്സൈറ്റിൽ ലഭ്യമാക്കാത്തത് സുതാര്യതയെ ബാധിക്കുമെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൊതുജനവിശ്വാസം നിലനിർത്താനും കൃത്യമായ വിശകലനങ്ങൾക്കും ആധികാരികമായ വിവരങ്ങൾ അനിവാര്യമാണ്. അതിനാൽ കാലതാമസം ഒഴിവാക്കി പൂർണമായ കണക്കുകൾ ഉടൻ പ്രസിദ്ധീകരിക്കാൻ കമീഷൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രിൽ ഒമ്പതിന് നടന്ന വോട്ടെടുപ്പിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വൈകുന്നതിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

